‘മോഹന്‍ലാല്‍ പോലെയുള്ള വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എന്നത്…’; ലാലേട്ടന്‍ ചിത്രത്തെ കുറിച്ച് ടിനു

തന്റെ ആദ്യ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ പുതിയ സംവിധായകരില്‍ മികച്ച പേരെടുത്തയാളാണ് ടിനു പാപ്പച്ചന്‍. ജോയ് മാത്യു രചന നിര്‍വഹിച്ച ചാവേറാണ് ടിനു പാപ്പച്ചന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ മേക്കിംഗ് നല്ല…

തന്റെ ആദ്യ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ പുതിയ സംവിധായകരില്‍ മികച്ച പേരെടുത്തയാളാണ് ടിനു പാപ്പച്ചന്‍. ജോയ് മാത്യു രചന നിര്‍വഹിച്ച ചാവേറാണ് ടിനു പാപ്പച്ചന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ മേക്കിംഗ് നല്ല പ്രശംസ നേടുന്നുണ്ട്. അതിനിടെയാണ് തന്റെ ഭാവി സിനിമ പദ്ധതികളെ കുറിച്ച് ടിനു മനസ് തുറന്നു. പ്രധാനമായും മോഹന്‍ലാല്‍ – ടിനു പാപ്പച്ചന്‍ ചിത്രം നടക്കാതെ പോയതിന്റെ കാരണങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

താന്‍ പറഞ്ഞ കഥ മോഹന്‍ലാലിന് വര്‍ക്ക് ആയില്ലെന്നും അതിനാല്‍ പ്രോജക്ട് മാറിപ്പോയെന്നുമാണ് ടിനു അറിയിച്ചത്. എന്നാല്‍, ഇനിയും മോഹന്‍ലാലിനോട് കഥ പറയാനുള്ള അവസരം ഉണ്ട്. ‘ഞാന്‍ കഥ പറഞ്ഞിട്ടും വര്‍ക്ക് ആകാത്ത ആളുകളുണ്ട്. ഞാന്‍ മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ല. അതാണ് ആ സിനിമ മാറിപ്പോകാനുള്ള കാരണം. പക്ഷേ ഇനിയും അദ്ദേഹത്തോട് കഥ പറയാനുള്ള അവസരമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്’ ടിനു അഭിമുഖത്തില്‍ പറഞ്ഞു.

തമിഴ് സൂപ്പര്‍ താരമായ വിക്രത്തോടും ഇത്തരത്തില്‍ കഥ പറഞ്ഞെന്നും അതും വര്‍ക്ക് ആയില്ലെന്നും ടിനു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ പോലെയുള്ള വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എളുപ്പമല്ലെന്നും ടിനു പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തില്‍ സഹ സംവിധായകനായി ടിനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഫുള്‍ അടിപ്പടം എന്ന രീതിയില്‍ മലൈക്കോട്ടൈ വാലിബനെ തീയറ്ററില്‍ സമീപിക്കരുത് എന്ന് ടിനു ഇതേ അഭിമുഖത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.