‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

Follow Us :

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കെ കെ രമയുടെ ആരോപണം. ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഈ നീക്കമെന്നും അവർ പറഞ്ഞു.

”പാർട്ടി നേതൃത്വവും സർക്കാരും പ്രതികൾക്ക് വഴിവിട്ട സഹായമാണ് ചെയ്യുന്നത്. പ്രതികൾക്ക് ജയിലിൽ സുഖവാസമാണ്. ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികളാണ്. അവർക്ക് ജയിലിൽ വച്ച് സ്വർണക്കടത്ത്, ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താനാവുന്നുണ്ട്. മൂന്ന് പ്രതികളെയാണ് – അണ്ണൻ സിജിത്ത്, ഷാഫി, ടികെ രജീഷ്- ഇപ്പോൾ വിട്ടയക്കാൻ ശ്രമിക്കുന്നത്. 20 വർഷത്തിനിപ്പുറം ഇവരുടെ ശിക്ഷ ഇളവ് ചെയ്യരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയിട്ടുണ്ട്” – കെ കെ രമ പറഞ്ഞു.

”കുറ്റം ജയിൽ ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയൊന്നും ഉദ്യോഗസ്ഥർക്ക് ചെയ്യാൻ സാധിക്കില്ല. അത് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം. ഇതിന് പിന്നിൽ വളരെ കൃത്യമായ ആലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടക്കം അറിവില്ലാതെ ഈ പേരുകൾ വിട്ടയക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇത് ഉദ്യോഗസ്ഥരുടെ തലയിലിടാൻ വിവാദമായപ്പോൾ സർക്കാർ ശ്രമിക്കുകയാണ്. 8-6-24 ന് 10 കൊല്ലം ശിക്ഷ അനുഭവിച്ച ആളുകൾക്കാണ് വിടുതലിന് ഉത്തരവിട്ടത്. ഈ മൂന്ന് പേരെ മാത്രം ഉൾക്കൊള്ളിച്ചത് എന്തിനാണ്? വിവാദമാകാതെ വന്നാൽ ബാക്കിയുള്ളവരെ കൂടെ പുറത്തിറക്കാനായിരുന്നു പദ്ധതി. അത് പൊളിഞ്ഞു” – കെ കെ രമ കൂട്ടിച്ചേർത്തു.