മധുവിന്റെ ഓര്‍മ്മയില്‍… ‘ആദിവാസി’ സിനിമയിലെ ‘ചിന്നരാജ’ ഗാനം..!!

കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ആദിവാസി യുവാവ് മധുവിന്റേത്. നീതി തേടി മധുവിന്റെ കുടുംബം ഇന്നും പോരാടുകയാണ്. അതിനിടെ മധുവിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയാണ് ആദിവാസി. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അപ്പാനി…

കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ആദിവാസി യുവാവ് മധുവിന്റേത്. നീതി തേടി മധുവിന്റെ കുടുംബം ഇന്നും പോരാടുകയാണ്. അതിനിടെ മധുവിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയാണ് ആദിവാസി. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അപ്പാനി ശരത്താണ് സിനിമയില്‍ മധുവായി വേഷമിടുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം വളരെയേറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ആദിവാസി സിനിമയിലെ ആദ്യഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍, ഒരു താരാട്ട് പാട്ടിന്റെ രീതിയിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കാട്ടിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കഥാപാത്രത്തെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചിന്ന രാജാ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മധുവിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് ‘ചിന്ന രാജ’ എന്ന ഗാനം എത്തിയിരിക്കുന്നത്.

വിജീഷ് മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിര്‍മാണം. അപ്പാനി ശരത്തിനെ കൂടാതെ മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി. കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫി എന്ന കുറിപ്പോടെയായിരുന്നു സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തത്.