ഇഷ്ടപ്പെടുന്നവര്‍ അകന്നു പോകുന്നുവെന്ന് തോന്നി: മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കാരണം വെളിപ്പെടുത്തി ജയറാം

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊന്നായ നടന്‍ ജയറാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമയോട് അകലം പാലിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവരുന്ന മകള്‍ എന്ന സിനിമ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ…

മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊന്നായ നടന്‍ ജയറാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമയോട് അകലം പാലിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവരുന്ന മകള്‍ എന്ന സിനിമ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. നടി മീരാ ജാസ്മിന്റെയും തിരിച്ചുവരവിന് വഴിവെയ്ക്കുന്ന ചിത്രമാണ് മകള്‍.

അതേസമയം, എന്തു കൊണ്ടാണ് മലയാള സിനിമയില്‍ നിന്നും ജയറാം ചെറുതെങ്കിലും ഒരു ഇടവേള എടുത്തതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴിതാ താന്‍ അകലം പാലിച്ചതിന്റെ കാരണം ജയറാം തന്നെ വെളിപ്പെടുത്തുകയാണ്.

മലയാള സിനിമകളില്‍ നിന്നും താന്‍ മനപൂര്‍വ്വം ഗ്യാപ്പ് എടുത്തതാണെന്ന് ജയറാം പറയുന്നു. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ എന്നെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. കാരണം, പലപ്പോഴും അങ്ങനെ തോന്നിയ സമയങ്ങളിലൊക്കെ എനിക്ക് ഒരു പാട് പരാജയങ്ങള്‍ വന്നു.

ഞാന്‍ ഇനി കുറേ കാലത്തേക്ക് സിനിമ ചെയ്യുന്നില്ല, പ്രത്യേകിച്ച് മലയാളം, എന്ന് തീരുമാനിച്ചു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടു തരുമ്പോള്‍ അത് ചെയ്യാം എന്ന് എന്റെ പിള്ളേരോടും പറഞ്ഞു.

ബെസ്റ്റ് ഐഡിയയാണ് അപ്പാ, അത് പോലുള്ള കഥകള്‍ വരുമ്പോള്‍ ചെയ്താല്‍ മതി. വല്ലപ്പോഴും തമിഴും തെലുങ്കും ചെയ്യാം എന്ന് അവരും പറഞ്ഞു,” ജയറാം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ജയറാമിന്റെ വെളിപ്പെടുത്തല്‍.

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ‘പട്ടാഭി രാമനാണ് ജയറാമിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. എന്നാല്‍ അതേസമയം തന്നെ തമിഴിലും തെലുങ്കിലും ജയറാം സജീവമായിരുന്നു. മൂന്നു വര്‍ഷം നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ ജയറാമിന്റെ ‘മകള്‍’ എന്ന സിനിമ ഏപ്രില്‍ 29 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

ഒരു കാലത്ത് മലയാള ചലച്ചിത്ര രംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവര്‍ വിജയ ജോഡിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്.