ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അമല്‍ രാജ് ദേവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്. അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന്റെ പൂര്‍ണതയ്ക്കായി താന്‍ എന്തിനും തയ്യാറാകുമെന്നും അങ്ങനെ ചെയ്തൊരു കാര്യം തനിക്ക് തന്നെ പാരയായി വന്നിരിക്കുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു ഹ്രസ്വ ചിത്രത്തിന് വേണ്ടി പുകവലിച്ച് തള്ളിയ നടന് ഇപ്പോള്‍ ഭാര്യയാല്‍ തീര്‍ത്ത അറസ്റ്റില്‍, വീട്ടുതടങ്കലിലാണ്. തന്റെ അസുഖ വിവരം അമല്‍ തന്നെയാണ് രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
”നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ …! നല്ല ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും ആയിട്ടുണ്ട്, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ഡ്യൂട്ടികള്‍ ഒഴിയാന്‍ പറ്റില്ലാല്ലൊ. ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി. എന്നാല്‍ ഇവിടെ റസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു)
രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി സെറ്റപ്പാ. നല്ല പിള്ളേരാ. പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന് പണി തുടങ്ങി ! കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി – പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാ. എന്തു ചെയ്യാനാ, അടങ്ങിയിരിക്ക്യാ തന്നെ !” എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ആശുപത്രിക്കിടക്കയില്‍ നിന്നും എടുത്ത ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
സീരിയലിലെ താരത്തിന്റെ മക്കളായ ശ്രുതി രജനികാന്തും റാഫി മുഹമ്മദും എല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തൂ എന്നാണ് ഇവര്‍ കമന്റ് ചെയ്തിരിക്കുന്നത്.