വിവാഹിതരായെന്ന വാര്‍ത്ത നിഷേധിച്ച് ആദിലയും നൂറയും

ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതോടെയാണ് ലെസ്ബിയന്‍ പ്രണയം ലോകം ഒന്നടങ്കം അറിഞ്ഞത്. ഒടുവില്‍ ഹൈക്കോടതി ഇരുവര്‍ക്കും ഒരുമിച്ച ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ…

ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാന്‍ അനുമതി തേടി ആദില നസ്റിന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതോടെയാണ് ലെസ്ബിയന്‍ പ്രണയം ലോകം ഒന്നടങ്കം അറിഞ്ഞത്. ഒടുവില്‍ ഹൈക്കോടതി ഇരുവര്‍ക്കും ഒരുമിച്ച ജീവിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെ ആദിലയും നൂറയും വിവാഹിതരായെന്ന വാര്‍ത്തയും പ്രചരിച്ചു. ഒരുപാടു പേര്‍ ആദിലയ്ക്കു നസ്രീനും ആശംസ നേരുകയും ചെയ്തു.

എന്നാല്‍ വിവാഹിതരായെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി ഇരുവരും. വിവാഹിതരായിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണെന്നും ആദിലയും നൂറയും പറഞ്ഞു.

”ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല, ചിത്രങ്ങള്‍ ഫോട്ടോഷൂട്ടിനായി എടുത്തതാണ് എന്നാണ് പോസ്റ്റ്. വിവാഹവസ്ത്രങ്ങളണിഞ്ഞും പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

എന്നാല്‍ ഇതു വൈപ്പിനില്‍ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണെന്ന് ആദില പറഞ്ഞു. ആഷിഖ് റഹീമിന്റെ നേതൃത്വത്തിലുള്ള വൗടേപ്പ് ഫോട്ടോഗ്രഫി ടീമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇരുവരും ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

2022 മേയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയത്. തന്നോടൊപ്പം താമസിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു നൂറയുടെ പരാതി.

തന്റെ പ്രണയിനിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൂറയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാനുള്ള അനുമതി നല്‍കി.

സൗദിയിലെ പ്ലസ് വണ്‍ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് പ്രണയം വീട്ടില്‍ അറിഞ്ഞതോടെ വീട്ടുകാര്‍ എതിര്‍ത്തു. തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനത്തില്‍ നാട്ടിലെത്തി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലിയും നേടിയെടുത്തു.

നൂറയുടെ കുടുംബം നസ്റിന് താക്കീത് നല്‍കിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും ബന്ധം തുടര്‍ന്നു. കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയില്‍ അഭയം തേടി ഇരുവരും എത്തി. പിന്നീട് നസ്റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് നസ്റിന്‍ പരാതി നല്‍കിയത്.