എന്തൊരു ആഭാസമാണിത്: നടിയെുടെ പേര് സൈബര്‍ ആക്രമണത്തിന് ഇട്ടുകൊടുത്ത വിജയ് ബാബുവിന് എതിരെ അഡ്വ വീണ എസ് നായര്‍

താന്‍ ബലാത്സംഗത്തിന് ഇരയായതായ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തില്‍ ആരോപണം നേരിടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഇരയുടെ പേര് പരസ്യമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുക വഴി സൈബര്‍ ഇടങ്ങളില്‍ ഇരയെ…

താന്‍ ബലാത്സംഗത്തിന് ഇരയായതായ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തില്‍ ആരോപണം നേരിടുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഇരയുടെ പേര് പരസ്യമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇരയുടെ പേര് വെളിപ്പെടുത്തുക വഴി സൈബര്‍ ഇടങ്ങളില്‍ ഇരയെ മോശക്കാരി ആക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും അഡ്വക്കേറ്റുമായ വീണ എസ് നായരുടെ ഫെയ്‌സ്ബുക്ക് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.

വീണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നല്‍കുന്നു.

ആ നടന്‍ ‘ഇര താനാണ്’ എന്ന വിചിത്ര വാദവുമായി പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന്‍ വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താന്‍ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്.

നടി നല്‍കിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബര്‍ ഇടങ്ങളില്‍ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങള്‍ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാന്‍ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കില്‍ അത് പൊതു സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തില്‍ നിന്നും മനസിലാക്കുന്നത്.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയട്ടെ.

Justice shall prevail even if heaven falls. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം.

അതേസമയം, ആരോപണ വിധേയനായ വിജയ് ബാബു സംസ്ഥാനം വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതിക്കായി പോലീസ് പരിശോധന ശക്തമാക്കിക്കഴിഞ്ഞു. പരാതിക്കാരി പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പീഡന പരാതിയിലുള്ള കേസിന് പിന്നാലെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നതിന് വിജയ് ബാബുവിന് എതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.