ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേക്കോ? അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി പാന്‍ ഇന്ത്യന്‍ താരം

Published by
Gargi

രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടോളിവുഡ് താരം ജൂനിയര്‍ എന്‍ടിആറുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രി ഒരു സിറ്റി ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. യോഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍, വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തിത്വങ്ങളുമായുള്ള പാര്‍ട്ടിയുടെ ‘സമ്പര്‍ക്ക പരിപാടി’യുടെ ഭാഗമാണിതെന്ന് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

ടിഡിപി സ്ഥാപകന്‍ അന്തരിച്ച എന്‍ ടി രാമറാവുവിന്റെ ചെറുമകനായ ജൂനിയര്‍ എന്‍ടിആര്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, സമയമാകുമ്പോള്‍ ബിജെപി തന്റെ സേവനം ഉപയോഗിക്കുമെന്ന് ജൂനിയര്‍ എന്‍ടിആറിനോട് ആഭ്യന്തരമന്ത്രി പറഞ്ഞതായാണ് വിവരം. അവസാനനിമിഷം വരെ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ യോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഷെഡ്യൂളിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ബിജെപി തെലങ്കാന നേതാക്കള്‍ അവകാശപ്പെട്ടു. ”എല്ലാ സംഭവവികാസങ്ങളും ഞങ്ങളെ ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് മാത്രമേ അറിയിച്ചിട്ടുള്ളൂ,” ഒരു മുതിര്‍ന്ന ബിജെപി തെലങ്കാന നേതാവ് പറഞ്ഞു. അടുത്തിടെ നടന്ന പാന്‍-ഇന്ത്യ ബ്ലോക്ക്ബസ്റ്റര്‍ ‘ആര്‍ആര്‍ആര്‍’ലെ പ്രകടനത്തില്‍ പ്രശംസിക്കുന്നതിനായാണ് നടനെ ഷാ ക്ഷണിച്ചതെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. പ്രകടനത്തെ പ്രശംസിക്കണമെങ്കില്‍ ജൂനിയര്‍ എന്‍ടിആറിന്റെ സഹനടനായ രാം ചരണിനെയും ക്ഷണിക്കേണ്ടതായിരുന്നു.

കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു, ”ഒരു ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. രാജമൗലിയുടെ പിതാവും ‘ആര്‍ആര്‍ആര്‍’ കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദിനെ ബിജെപി രാജ്യസഭയിലേക്ക് അയച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. തെലങ്കാനയിലെ, പ്രത്യേകിച്ച് ജിഎച്ച്എംസി പരിധിയിലെ ആന്ധ്രാ വംശജരായ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഷാ-ജൂനിയര്‍ എന്‍ടിആര്‍ കൂടിക്കാഴ്ച നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.