അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവൻ്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്! ‘തല്ലുമാലയ്ക്ക്’ ആന്റണിയുടെ കമന്റ്

Published by
Nikhina

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് തല്ലുമാല. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗ്ഗീസ്.. ഫേസ്ബുക്കില്‍ താരം പങ്കുവെച്ച തല്ലുമാല സിനിമയെ കുറിച്ചുള്ള പോസ്റ്റ് ടോവിനോ തോമസിന്റെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

തല്ലുകൂടി ഹിറ്റടിച്ച് എന്നാണ് ഈ സിനിമയെ കുറിച്ച് നടന്‍ ആന്റണി വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്. എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത്… എന്നാണ് സിനിമയ്ക്ക് ആന്റണി നല്‍കുന്ന രസകരമായ കമന്റ്.

അജഗജാന്തരത്തിലെ ലാലി തല്ലുമാലയിലെ വാസിമിന് കൊടുത്ത കമന്റ് എന്ന് പറഞ്ഞാണ് ആരാധകരും ഈ റിവ്യൂ ഏറ്റെടുക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് എടുത്തിരിക്കുന്ന ഈ സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ആന്റണി വര്‍ഗീസ് നായകനായി എത്തിയ അജഗജാന്തരം എന്ന സിനിമയും ആക്ഷന് വലിയ പ്രാധാന്യം കൊടുത്ത് എടുത്ത സിനിമയായിരുന്നു.. ഈ ചിത്രത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് ടോവിനോ ചിത്രമായ തല്ലുമാലയ്ക്ക് കമന്റ് അറിയിച്ചിരിക്കുന്നത്.