Film News

ആക്ഷൻ പരിശീലിക്കുന്നതിനിടെ പരിക്ക്; ലിഗമെന്റ്, മെനിസ്കസ് റിപ്പയർ ശസ്ത്രക്രിയക്ക് വിധേയനായി ആസിഫ്; ഇനി വിശ്രമം

Published by
Gargi

വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ആസിഫ് അലി ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇടതു കാൽമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഇടതു കാൽമുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകൾക്ക് ശേഷം ആസിഫ് അലി ആശുപത്രിവിട്ടു.

കുറഞ്ഞ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഫിസിയോതെറാപ്പിയും നിർദേശിച്ചിട്ടുണ്ട്. സിനിമ ഷൂട്ടിം​ഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. ‘കള’ എന്ന ടൊവിനോ തോമസ് ചിത്രത്തിന് ശേഷം രോഹിത്ത് വി എസ്. സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടിക്കി ടാക്ക’.

സ്റ്റണ്ട് സീനിലേക്കുള്ള പരിശീലനം നടത്തുന്നതിനിടെ താരത്തിന്റെ മുട്ടുകാലിനാണ് പരിക്കേറ്റത്. ആക്ഷന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ‘ടിക്കി ടാക്ക’ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.