ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്ക്!!! മയക്കുമരുന്ന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍

മലയാളത്തിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സിനിമാ സംഘടനകളുടെ തീരുമാനം. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് ഈ നടപടി. മയക്കുമരുന്നിന് അടിമകളായ…

മലയാളത്തിലെ യുവ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സിനിമാ സംഘടനകളുടെ തീരുമാനം. താരസംഘടന ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് ഈ നടപടി.

മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും നിര്‍മ്മാതാവ് രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനം സിനിമയുടെ നന്മക്കാണെന്നും രഞ്ജിത്ത് വ്യക്തമാക്കി.

മുന്‍പ് തന്നെ ഇരുവരും ലൊക്കേഷനില്‍ വൈകി എത്തുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബവും എഡിറ്റിങില്‍ ഇടപെടുന്നെന്നും ആരോപണം ഉയര്‍ന്നത്. പിന്നാലെയാണ് ഇപ്പോള്‍ വിലക്കും വന്നിരിക്കുന്നത്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് പറഞ്ഞു.

സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞിരുന്നു.

ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ നടപടിയും വന്നിരിക്കുന്നത്.