ലാലേട്ടന്റെ സംവിധാന മികവ് സ്‌ക്രീനില്‍ കാണാം!! ബറോസ് റിലീസ് തീയതി പുറത്ത്

Published by
Anu B

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ റിലീസ് തീയതി പങ്കിട്ടത്. 2024 മാര്‍ച്ച് 28 നാണ് ബറോസ് റിലീസ് ചെയ്യുന്നത്. ത്രീഡി ചിത്രമാണ് ബറോസ്.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. 2019ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളമായിരുന്നു ചിത്രീകരണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനുമാണ് നിര്‍വഹിക്കുന്നത്.


വാസ്‌ഗോഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിലുണ്ട്. 3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ്. സിനിമയുടെ സ്‌പെഷ്യല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലന്റിലും ആയാണ് നടക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്.