വീണ്ടും ഞെട്ടിക്കുന്ന മേക്കോവറുമായി വിക്രം..! ഇത് കോബ്ര..!

എന്‍ കാതല്‍ കണ്‍മണി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വിക്രം എന്ന നടന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തമിഴില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ നടനാണ് അദ്ദേഹം. ഒരു സ്മാള്‍ ബജറ്റ് സിനിമയിലൂടെ…

എന്‍ കാതല്‍ കണ്‍മണി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വിക്രം എന്ന നടന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തമിഴില്‍ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടിയ നടനാണ് അദ്ദേഹം. ഒരു സ്മാള്‍ ബജറ്റ് സിനിമയിലൂടെ ഇന്‍ഡസ്ട്രിയിലേക്ക് കടന്ന നടന്റെ മറ്റൊരു മുഖമായിരുന്നു പോകെ പോകെ ആരാധകര്‍ കണ്ടത്. തന്റെ ഓരോ സിനിമകള്‍ക്ക് വേണ്ടിയും വിക്രം തന്നിലെ നടനെ സമര്‍പ്പിക്കുന്നത് ആരാധകര്‍ ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി താരം നടത്താറുള്ള മേക്കോവറുകള്‍ എന്നും സിനിമാ ലോകത്ത് ചര്‍ച്ചയായി മാറാറുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ വിശേഷങ്ങളും അതില്‍ നടന്റെ മേക്കോവര്‍ ലുക്കുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കോബ്ര’യാണ് വിക്രത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ സിനിമയില്‍ വിക്രം ഏഴ് വ്യത്യസ്ത ലുക്കില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ കോബ്രയിലെ അധീര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മേക്കോവറുകളും ചിത്രീകരണത്തിന്റെ വീഡിയോകളും പാട്ടിനിടയില്‍ കാണിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തില്‍ നായികായി എത്തുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തില്‍ മലയാളത്തിന്റെ അഭിമാന താരങ്ങളായ റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ, കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.