ആമിര്‍ ഖാന് നായകനാവുന്ന ലാല്‍ സിംഗ് ചദ്ദയാണ് ബോളിവുഡ് ആരാധകര്‍ ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ആമിര്‍ ഖാന് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ. ടോം ഹാങ്ക്സ് ആയിരുന്നു ഹോളിവുഡ് ചിത്രത്തിലെ നായകന്. ആഗസ്റ്റ് 11 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിറിന്റെ ഹിറ്റ് ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാറും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലാല്‍ സിംഗ് ചദ്ദയുടെ സ്ക്രീനിംഗ് ആണെന്നാണ് ഫോട്ടോ നല്കുന്ന സൂചന. ആമിര്‍ ഖാന്, മുന്‍ ഭാര്യ കിരണ്‍ റാവു, കരീന കപൂര്‍ എന്നിവരാണ് ഈ ഫോട്ടോയിലുള്ളത്. ആമിറിന്റെ കരയുന്ന മുഖമാണ് ഫോട്ടോയില്‍.
ഇടയ്ക്ക് ആമിര്‍ കണ്ണു തുടയ്ക്കുന്നുമുണ്ട്. എന്നാല്‍ അടുത്തിരിക്കുന്ന കരീന കപൂറാവട്ടെ താടിക്ക് കൈ കൊടുത്ത് നല്ല ഉറക്കമാണ്. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്വന്തം സിനിമ കണ്ട് കരച്ചിലടക്കാനാവാത്ത ആമിറും സിനിമ കണ്ട് ഉറങ്ങിപ്പോയ കരീന കപൂറും എന്നാണ് പലരും ഈ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കരീനയുടെ ഉറക്കം കണ്ടിട്ട് ലാല്‍ സിംഗ് ചദ്ദ ഒരു ബോറന് പടമാണെന്ന് തോന്നുന്നുവെന്നും ചിലര്‍ കമന്റ് നല്‍കിയിട്ടുണ്ട്.
തെന്നിന്ത്യന്‍ താരം നാഗചൈതന്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. നാഗചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലാല്‍ സിംഗ് ചദ്ദ. ചിത്രത്തില്‍ മോണ സിംഗും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിയാകൊം 18 മോഷന്‍ പിക്ചേഴ്സും ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ലാല്‍ സിംഗ് ചദ്ദ നിര്‍മ്മിച്ചിരിക്കുന്നത്.