ഇത്തരം ആഭാസങ്ങള്‍ക്ക് ഞങ്ങളില്ല: വിശദീകരണവുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍

നടിയെ ആക്രമിച്ച കേസില്‍ ഇരയ്ക്ക് പിന്തുണയുമായി പൊതുസമൂഹം രംഗത്തെത്തിയതു പോലെ കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് പിന്തുണ അര്‍പ്പിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പുറമെ വിവിധ…

നടിയെ ആക്രമിച്ച കേസില്‍ ഇരയ്ക്ക് പിന്തുണയുമായി പൊതുസമൂഹം രംഗത്തെത്തിയതു പോലെ കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് പിന്തുണ അര്‍പ്പിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് പുറമെ വിവിധ സംഘടനകളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളും ഉള്‍പ്പെടുന്നുണ്ട്.

ഇത്തരത്തില്‍ ദിലീപിന് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഘടനകളില്‍ ഒന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എ കെ എം എ). സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ നിയമങ്ങള്‍ പോലും പലപ്പോഴും പുരുഷന്മാര്‍ക്ക് എതിരാകുന്ന കാലത്ത് അതിജീവനം അര്‍ഹിക്കുന്ന പുരുഷന്മാര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് എന്ന് സ്വയം അവകാശപ്പെടുന്ന സംഘടനയാണ് എ കെ എം എ.

നടിയെ ആക്രമിച്ച കേസില്‍ തങ്ങള്‍ ദിലീപിന് ഒപ്പമാണെന്ന് സംഘടനയുടെ പ്രസിഡന്റ് അജിത് കുമാര്‍ സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ അനുകൂലിച്ച് സംഘടന പ്രതിഷേധ പ്രകടനങ്ങള്‍ മുമ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ ഇതാ ദിലീപിനെ അനുകൂലിച്ച് സംഘടനയുടെ നേതൃത്വത്തില്‍ എറണാകുളത്ത് മെയ് നാലിന് പ്രതിഷേധ സംഗമം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് എ കെ എം എ.

എന്നാല്‍ ഇത് വെറും ആഭാസമാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍. തങ്ങള്‍ക്ക് സഘടനയുമായി ഓയൊതു ബന്ധവുമില്ലെന്നും, ഇത്തരം തട്ടിപ്പുകളില്‍ ദിലീപിനെ സ്‌നേഹിക്കുന്നവര്‍ വീഴരുതെന്നും ദിലീപ് ഫാന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാന്‍സ് അസോസിയേഷന്‍ ഒരു വിശദീകരണ കുറിപ്പും ഇറക്കിയിട്ടുണ്ട്.

വിശദീകരണ കുറിപ്പിന്റെ പൂര്‍ണ രൂപം:

മേയ് 4 ന്, എ.കെ.എം.എ (അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.

murder conspiracy-case-dileep-at-high-court

ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍.

ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്‍പിനും വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.