‘മുന്‍ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരം’; ദിലീപ് സുപ്രീം കോടതിയില്‍

Published by
Gargi

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.

വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയാണ് അപേക്ഷയിലൂടെ ദിലീപ് ആവശ്യപ്പെടുന്നത്.
വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ ഒരു വിഭാഗത്തിന് വ്യക്തിപരമായും തൊഴില്‍പരമായും എതിര്‍പ്പുള്ളതിനാല്‍ തന്നെ ഈ കേസില്‍പ്പെടുത്തിയതാണെന്നും ദിലീപ് ആരോപിക്കുന്നു. അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും അപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍ ഭാര്യയ്ക്ക് ഡിജിപിയുമായുള്ള ബന്ധമാണ് കേസിനാധാരമെന്നാണ് ദിലീപിന്റെ വാദം.

തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. തനിക്ക് എതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് എതിരെയും മാധ്യമ വിചാരണ നടക്കുന്നു. തുടര്‍ അന്വേഷണത്തിന്റെ സമയത്ത് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിശ്വാസയോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്ക് എതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതതായും ദിലീപ് ആരോപിക്കുന്നു.