കെജിഎഫ് : റിലീസിന് മുൻപ് നേരിട്ടത് വലിയ മാനസിക സമ്മർദ്ദം : തുറന്നു പറഞ്ഞു സംവിധായകൻ

തിയേറ്റര്‍ പൂരപ്പറമ്പുകളാക്കി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ക്കാനുള്ള തന്റെ പടയോട്ടത്തിലാണ് പാന്‍ ഇന്ത്യ ചിത്രമായ കെ.ജി.എഫ്. ആദ്യ ഭാഗം തീര്‍ത്ത ഹൈപ്പിനെ രണ്ടാമത്തെ ഭാഗം മലര്‍ത്തിയടിക്കുമെന്ന് തിയേറ്റര്‍ റസ്‌പോണ്‍സുകളില്‍ നിന്നും ഏറക്കുറെ…

തിയേറ്റര്‍ പൂരപ്പറമ്പുകളാക്കി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ക്കാനുള്ള തന്റെ പടയോട്ടത്തിലാണ് പാന്‍ ഇന്ത്യ ചിത്രമായ കെ.ജി.എഫ്. ആദ്യ ഭാഗം തീര്‍ത്ത ഹൈപ്പിനെ രണ്ടാമത്തെ ഭാഗം മലര്‍ത്തിയടിക്കുമെന്ന് തിയേറ്റര്‍ റസ്‌പോണ്‍സുകളില്‍ നിന്നും ഏറക്കുറെ ഉറപ്പായി. അതേസമയം, കെ.ജി.എഫിനെ കുറിച്ച് താന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ലാ എന്ന് തുറന്നു സമ്മതിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീല്‍.

സാധാരണ ഒരു കന്നഡ ചിത്രം എന്ന നിലയിലായിരുന്നു കെ.ജി.എഫിനെ കുറിച്ച് പദ്ധതി ഇട്ടിരുന്നതെന്ന് പ്രശാന്ത് നീല്‍ പറയുന്നു. ഒരു ഭാഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആലോചിച്ച സിനിമ പടി പടി ആയാണ് രണ്ട് ഭാഗങ്ങളാക്കാന്‍ തീരുമാനിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും നിര്‍മ്മാതാവായ വിജയ് കിരഗണ്ടൂരിനും നായകന്‍ യാഷിനുമാണ്. മാനുഷിക വശമാണ് ഇത്രയും വലിയ സിനിമയില്‍ ആദ്യം ചേര്‍ത്തത്. ജീവിത ഗന്ധിയായ ചിത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാനുഷികതയാണ് എല്ലാ ഘടകങ്ങളെയും കൂട്ടി യോജിപ്പിച്ചു നിര്‍ത്തുന്നതെന്ന് പ്രശാന്ത് പറയുന്നു.

പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉയരുമോ എന്നത് റിലീസിന് മുമ്പ് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ കുറിച്ച് ആദ്യ പകുതിയില്‍തന്നെ എഴുതിയിരുന്നു. എന്നാല്‍ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഒരാള്‍ വേണം എന്നതിനാലാണ് രവീണ ടണ്ഠനെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ.ജി.എഫ് 2ന്റെ ആദ്യ ദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. ചിത്രം റിലീസ് ദിവസത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 134.5 കോടി രൂപയാണ് നേടിയത്. ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്ത പൃഥ്വിരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

കെ.ജി.എഫ് വിജയ് ചിത്രം ബീസ്റ്റിന്റെ റെക്കോര്‍ഡുകളും മറികടന്നതായ റിപ്പോര്‍ട്ടുകളുണ്ട്. ബീസ്റ്റ് കേരളത്തില്‍നിന്ന് നേടിയ ആദ്യ ദിന കളക്ഷനെ കെ.ജി.എഫ് മറികടന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 6.6 കോടി രൂപ ആയിരുന്നു ബീസ്റ്റിന്റെ കേരളത്തിലെ കളക്ഷന്‍.

അതേസമയം കെ.ജി.എഫിന്റെത് 7.1 കോടി ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ സത്യം എങ്കില്‍ ഒരുമിച്ച് റിലീസ് ചെയ്തിട്ടും വിജയ് ചിത്രത്തിനെ മറികടക്കാന്‍ ബീസ്റ്റിന് ആയെങ്കില്‍ ചിത്രം തെന്നിന്ത്യന്‍ സിനിമാ മേഖലയ്ക്ക് നല്‍കുന്ന മാറ്റത്തിന്റെ സൂചന അത്ര നിസ്സാരം അല്ലെന്നാണ് നിരൂപകര്‍ വ്യക്തമാക്കുന്നത്. കേരളത്തിന് പുറമെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കള്‍ മികച്ചതാണ് രണ്ടാം ഭാഗം എന്ന പ്രചരണവും ശക്തമാണ്. യാഷിന് ഒപ്പം സഞ്ജയ് ദത്തിന്റെ പ്രകടനവും വലിയ തോതില്‍ മികച്ച് നില്‍ക്കുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ഡയലോഗ് ഡെലിവറി ഏവരെയും പിടിച്ചിരുത്തുന്നതാണെന്ന് പ്രേക്ഷക പ്രതികരണമുണ്ട്.