അനന്യയ്ക്ക് നീതി ലഭിക്കുവാൻ വേണ്ടി പോരാടാൻ ദിയ സനയും!

Published by
Webadmin

ട്രാൻസ് ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെയും അവരുടെ പങ്കാളി ജിജുവിന്റെയും വിയോഗവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനായി സംസ്ഥാന തലത്തിൽ ആക്ഷൻ കമ്മിറ്റി (ജസ്റ്റിസ് ഫോർ അനന്യ) രൂപീകരിച്ചു. ജൂലൈ 25 വൈകീട്ട് 5 മണി മുതൽ ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച LGBTQIA+ സംഘടന പ്രതിനിധികളുടെയും സമുദായാംഗങ്ങളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും സംസ്ഥാന തല യോഗത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. LGBTQIA+ കമ്യുണിറ്റി പ്രവർത്തകരായ അതിഥി അച്യുത്, ധന്യ രവീന്ദ്രൻ, ഷെറിൻ ആന്റണി എന്നിവരെ സംസ്ഥാന ആക്ഷൻ കമ്മിറ്റി കൺവീനർമാരായും ദയ ഗായത്രി, രാഗ രഞ്ജിനി എന്നിവരെ ജോയിന്റ് കൺവീനർമാരായും ആക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി കേസ് നടത്തുന്നതിനായി അഡ്വ. മായ കൃഷ്ണനെ യോഗം ചുമതലപ്പെടുത്തി. LGBTQIA+ സമുയാംഗങ്ങൾക്കിടയിലും അവരുടെ പങ്കാളികൾക്കിടയിലും പൊതു സമൂഹത്തിലും പടർന്നു കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതക്കെതിരായ പ്രചരണ/ ബോധവൽക്കരണ പരിപാടി ഏകോപിപ്പിക്കാൻ അഹന മേഘൽ, ചിത്തിര കുസുമം, പ്രിജിത് പി കെ, ദിയ സന എന്നിവരെ യോഗം ചുമതലപ്പെടുത്തി.

അനന്യയുടെയും ജിജുവിന്റെയും മരണവും ബന്ധപ്പെട്ട വിഷയങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം വേണമെന്നും വിഷയത്തിൽ സമഗ്രാന്വേഷണം നടക്കണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തല ആക്ഷൻ കമ്മിറ്റി ‘ജസ്റ്റിസ് ഫോർ അനന്യ’ ആവശ്യപ്പട്ടു. ഇതിനായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേകം നിവേദനങ്ങൾ സമർപ്പിക്കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് സമുദായാംഗങളുടെ ഭാഗത്തു നിന്നുള്ള പരിപൂർണ്ണ സഹകരണം ഉറപ്പാക്കുമെന്നും യോഗം തീരുമാനിച്ചു. നിവേദനങ്ങൾ പരാതികൾ എന്നിവ തയ്യാറാക്കുന്നതിനും ഫോളോ അപ്പ് ചെയ്യുന്നതിനും പ്രിജിത് പി കെ, ശരത് ചേലൂർ എന്നിവരെ യോഗം ചുമതലപ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട് തങ്ങൾക്കറിയാവുന്ന മുഴുവൻ വിവരങ്ങളും സംശയങ്ങളും പരാതികളും നിർദ്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും നമ്മുടെ വക്കീൽ ആയ അഡ്വ. മായ കൃഷ്ണനും കൈമാറണമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കേസിനെ വഴി തെറ്റിക്കുന്ന സമുദായാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചർച്ചകളും പരാമർശങ്ങളും ഒഴിവാക്കണമെന്നും ആക്ഷൻ കൗണ്സിൽ അംഗങ്ങളോടും സമുദായാംഗങ്ങളോടും ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കളും വിവിധ ജില്ലകളിൽ നിന്നുള്ള LGBTQIA+ സംഘടന പ്രതിനിധികളും ആക്ടിവിസ്റ്റുകളുമായ 30ഓളം പേർ യോഗത്തിൽ പങ്കെടുത്തു.