വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ്! സംവിധായകനേയും നിര്‍മ്മാതാവിനേയും ചോദ്യം ചെയ്തു

Published by
Nikhina

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തിയ ‘ലൈഗര്‍’ എന്ന സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംവിധായകനേയും നിര്‍മ്മാതാവിനേയും ചോദ്യം ചെയ്തു. സംവിധായകന്‍ പുരി ജഗന്നാഥിനെയും നിര്‍മ്മാതാവ് ചാര്‍മ്മിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ചോദ്യം ചെയ്തത്. ഇരുവരെയും 12 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തുവെന്നാണ് വിവരം. ലൈഗര്‍ എന്ന ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് സംവിധായകനും നിര്‍മ്മാതാവിനും എതിരെയുള്ള ആരോപണം.

കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്സണ്‍ ആണ് പുരി ജഗന്നാഥ്, ചാര്‍മ്മി എന്നിവര്‍ക്ക് എതിരെ പരാതി നല്‍കിയത്. ഫെമ നിയമം ലംഘിച്ച് ലൈഗര്‍ എന്ന ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തി എന്നാണ് ഇരുവര്‍ക്കും എതിരെയുള്ള പരാതി. സിനിമാ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും 120 കോടിയാണ് ഇതിനായി ചെലവാക്കിയതെന്നും കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. 15 ദിവസം മുന്‍പാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരെയും 12 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയ്ക്കായി മുടക്കിയ തുകയുടെ ഉറവിടം, ചലച്ചിത്ര നിര്‍മ്മാണത്തിന് വിദേശ നിക്ഷേപകര്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നിരവധി കമ്പനികള്‍ പണം കൈമാറിയിട്ടുണ്ടെന്ന സംശയം ഇ.ഡിയ്ക്ക് നിലനില്‍ക്കെ പണം അയച്ചവരെ കുറിച്ചും എന്തായിരുന്നു അതിന്റെ ആവശ്യം എന്നെല്ലാം ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ഇരുവരോടും ചോദിച്ചറിഞ്ഞതായാണ് വിവരം.