അത് സത്യമാണ്: കെ.ജി.എഫ് മൂന്നാം ഭാഗം ഒരുങ്ങുന്നു: പ്രതികരണവുമായി എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

ഇന്ത്യന്‍ സിനിമാ റെക്കോര്‍ഡുകളെ തൂക്കിയടിച്ച് മുന്നേറുകയാണ് കെ.ജി.എഫ്-2. ആദ്യ ഭാഗം സൃഷ്ടിച്ച ഹൈപ്പിന്റെ പതിന്മടങ്ങ് ഹൈപ്പ് സൃഷ്ടിക്കാന്‍ രണ്ടാം ഭാഗത്തിനായെന്നാണ് വിലയിരുത്തല്‍. ആരാധകരെ ആവേശത്തിലാക്കിയ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നതാണ് സിനിമാ ലോകത്തെ…

ഇന്ത്യന്‍ സിനിമാ റെക്കോര്‍ഡുകളെ തൂക്കിയടിച്ച് മുന്നേറുകയാണ് കെ.ജി.എഫ്-2. ആദ്യ ഭാഗം സൃഷ്ടിച്ച ഹൈപ്പിന്റെ പതിന്മടങ്ങ് ഹൈപ്പ് സൃഷ്ടിക്കാന്‍ രണ്ടാം ഭാഗത്തിനായെന്നാണ് വിലയിരുത്തല്‍. ആരാധകരെ ആവേശത്തിലാക്കിയ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നതാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. അങ്ങിനെ ഒരു മൂന്നാം ഭാഗം ഉണ്ടായിരിക്കുമെന്നും അതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്നും ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡയാണ് വ്യക്തമാക്കിയത്. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക്കിന്റെ പ്രതികരണം. യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായ് വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കെ ജി എഫ് സീരിസ് ഒരുക്കിയ യാഷ് സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് കെ ജി എഫ് മൂന്നാം ഭാഗം എന്നത്, യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായ്, പ്രഭാസ് അവതരിപ്പിക്കുന്ന സലാർ എന്നിവർ ഒരുമിച്ചു വരുന്ന ചിത്രം ആയിരിക്കും എന്നാണ്.

അതേസമയം, കേരളത്തില്‍ മോഹന്‍ ലാലിനെയും പിന്നിലാക്കി യാഷിന്റെ തേരോട്ടം തുടരുകയാണ്. കേരളത്തിന്റെ എക്കാലത്തേയും ഓപ്പണിംഗ് കളക്ഷന്‍ റെക്കോഡാണ് കെ.ജി.എഫ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. മലയാളത്തിലെ മികച്ച ഓപ്പണ്‍ കളക്ഷന്‍ റെക്കോര്‍ഡായി 7 കോടി രൂപ ആയിരുന്നു ഒടിയന്‍ നേടിയത്. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഒടിയന്റെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്. ഒടിയന്‍ ആദ്യ ദിനം നേടിയത് 7 കോടി രൂപയാണെങ്കില്‍ കെ.ജി.എഫ്. 2-ാം ഭാഗം 7.3 കോടി മറികടന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരനായ പൃഥ്വിരാജ് ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഒരേ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റിന്റെ കേരളത്തിലെ നേട്ടവും കെ.ജി.എഫ് മറികടന്നു. ആദ്യ ദിനം കേരളത്തില്‍നിന്നും ബീസ്റ്റ് നേടിയത് 6 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിവസത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 134 കോടി രൂപയും കളക്ഷന്‍ തുകയായി കെ.ജി.എഫ് നേടിക്കഴിഞ്ഞു.