ക്ഷമ മാത്രം പോരാ… ആ സീന്‍ പിന്‍വലിക്കണം!!! ‘കടുവ’യെ വിടാതെ പ്രതിഷേധം

നായകനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെങ്കിലും ‘കടുവ’യെ വിടാതെ പ്രതിഷേധം. വിവാദ പരാമര്‍ശ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ് സോഷ്യല്‍ മീഡിയയില്‍. ക്ഷമ ചോദിച്ച് പൃഥിരാജും ഷാജി…

നായകനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെങ്കിലും ‘കടുവ’യെ വിടാതെ പ്രതിഷേധം. വിവാദ പരാമര്‍ശ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ് സോഷ്യല്‍ മീഡിയയില്‍.

ക്ഷമ ചോദിച്ച് പൃഥിരാജും ഷാജി കൈലാസും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ആവശ്യം. പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയാണ് വിമര്‍ശനുമായി കൂടുതല്‍ ആളുകള്‍ എത്തിയിരിക്കുന്നത്.

ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്തുത ഭാഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇനി എന്റെ സിനിമയില്‍ ഉണ്ടാകില്ലെന്നു ഉറക്കെ പറഞ്ഞ ആളുടെ സിനിമയില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും, ആ ഭാഗം നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ഒരു കമന്റ്.

‘സാര്‍ ഞാന്‍ ഒരു ഭിന്നശേഷിക്കാരന്‍ ആണ്. സമൂഹത്തില്‍ ഏറെ അവഗണന നേരിടുന്ന ഈ സാഹചര്യത്തില്‍ അങ്ങയുടെ സിനിമയിലെ ഭിന്നശേഷിക്കാരെ കുറിച്ചുള്ള പരാമര്‍ശം ദയവുചെയ്ത് നീക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ മറ്റൊരു കമന്റ്.

‘ഇന്നലെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്കും തോന്നി ആ കുട്ടിയെ കാണിക്കാതെ ഡയലോഗ് വേണമെങ്കില്‍ നിലനിര്‍ത്താമായിരുന്നു, ഇപ്പോള്‍ ആ സീന്‍ നീക്കുക എളുപ്പമല്ല എന്ന് തോന്നുന്നു. സിനിമ തുടങ്ങുന്നതിനു മുമ്പ് ഷാജിയുടെ ഒരു ക്ഷമാപണം എഴുതി കാണിക്കുന്നത് നന്നായിരിക്കും’മെന്നും അഭിപ്രായം ഉയരുന്നുണ്ട്. പക്ഷേ ആ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്ന് തന്നെയാണ് ഭൂരിഭാഗത്തിന്റെയും നിര്‍ദേശം.

കടുവ’ സിനിമയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തേക്കുറിച്ച് നായക കഥാപാത്രം നടത്തുന്ന വിവാദ ഡയലോഗില്‍ കൈപ്പിഴയാണ്, മാപ്പാക്കണം എന്ന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു.

അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ക്ഷമിക്കണം, തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു.