‘നീ ഒരുപാട് ഉയരങ്ങളിലെത്തും…എനിക്കുറപ്പുണ്ട്…’ റഹീമിനെ കുറിച്ച് കിടിലം ഫിറോസ്

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത എഎ റഹീമിനെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റേഡിയോ ജോക്കിയും ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മത്സരാര്‍ത്ഥിയുമായ കിടിലം ഫിറോസ്. ‘നിങ്ങളൊരിക്കല്‍ ഭരണസിരാകേന്ദ്രങ്ങളില്‍ മലയാളിയുടെ അഭിമാനമാകും. എനിക്കുറപ്പുണ്ടെന്ന്…

kidilam firoz fb post about aa rahim

രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്ത എഎ റഹീമിനെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റേഡിയോ ജോക്കിയും ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മത്സരാര്‍ത്ഥിയുമായ കിടിലം ഫിറോസ്. ‘നിങ്ങളൊരിക്കല്‍ ഭരണസിരാകേന്ദ്രങ്ങളില്‍ മലയാളിയുടെ അഭിമാനമാകും. എനിക്കുറപ്പുണ്ടെന്ന് താന്‍ എ റഹീമിനോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നുവെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇക്ക :നീ ഒരുപാട് ഉയരങ്ങളിലെത്തും .എനിക്കുറപ്പുണ്ട് .
ഞാൻ :നിങ്ങളൊരിക്കൽ ഭരണസിരാകേന്ദ്രങ്ങളിൽ മലയാളിയുടെ അഭിമാനമാകും .എനിക്കുറപ്പുണ്ട് !!
ഈ സംഭാഷണമുണ്ടായത് ഇപ്പോഴൊന്നുമല്ല ,കൊല്ലങ്ങൾക്കുമുൻപാണ് ,ഒരിക്കലൊരു സന്ധ്യയ്ക്ക് എന്റെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു ഞങ്ങൾ .ജ്യേഷ്ഠനാണ് ,വഴികാട്ടിയാണ് എന്നതിനൊക്കെ മുകളിൽ അത്രമേൽ അടുത്ത സുഹൃത്തുക്കളായാണ് ഞങ്ങൾ വളർന്നത് .
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി കോളേജിലേക്ക് എന്നെ കൊണ്ടുപോയി ഒരു തെരുവു നാടകക്ലബ്ബിൽ ചേർത്തു !ആദ്യമായി രക്തത്തിലേക്ക് കലയുടെ ഇരമ്പവും സ്പന്ദനവും ശരിയായ അർത്ഥത്തിൽ മനസിലാക്കാൻ അവസരം തന്നു .അന്നുമുതൽ ഇക്ക പറയുന്നതൊക്കെ അനുസരിക്കുക എന്നതായി ഇഷ്ടം .നല്ലതല്ലാത്തതൊന്നും പറഞ്ഞിട്ടേയില്ല .പ്ലസ് two കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ മാത്രം അഡ്മിഷൻ എടുത്താൽ മതി എന്നായി .
-ചെയ്തു .
അന്തർസംസ്ഥാന മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കണം എന്നായി .
-പോയി.
വായന മുടക്കരുതെന്ന് ആവർത്തിച്ച് വഴക്കുണ്ടാക്കി .
-ഇന്നോളം മുടങ്ങാതെ കാത്തു .
നാടകം എഴുതി തുടങ്ങണം എന്ന് നിർബന്ധിച്ചു .
-ഏഴോളം നാടകമെഴുതി .എല്ലാം സമ്മാനിതവുമായി !!
വീണുപോകുമെന്ന് തോന്നിയ എല്ലാ ഇടങ്ങളിലും താങ്ങായി !!
മീഡിയയിലെത്തും മുൻപ് ഞാനിങ്ങനെ ഓരോ വട്ടവും ചാൻസ് ചോദിച്ചു ടീവി ചാനലുകൾ കയറിയിറങ്ങി അവസരം കിട്ടാതെ സങ്കടപ്പെടുന്നിടത്തൊക്കെ പറയും – നിന്റെ സമയം വരും !!
റേഡിയോയിലെത്തിയപ്പോഴും ആശയങ്ങൾ കൊണ്ടെന്നെ വളരാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു റഹിമിക്ക .
ആദ്യ സിനിമയായ “പരോൾ “ലേക്ക് മമ്മുക്കക്കൊപ്പം അഭിനയിക്കാൻ അവസരം ഒരുക്കിയതും ഇദ്ദേഹമാണ് .
ദിവസവുമൊ ,ആഴ്ചയിലൊരിക്കലോ ഉള്ള call ബന്ധം പോലും ഇല്ല ഞങ്ങൾക്കിടയിൽ .
വിളിച്ചാൽ തന്നെ രണ്ടു മിനിറ്റ് മാക്സിമം .
പക്ഷേ ആ ചുരുങ്ങിയ സമയങ്ങളിൽ കടലോളം പരസ്പരം ഇഷ്ടവും ബഹുമാനവും ഞങ്ങൾ പങ്കു വയ്ക്കും .
കൗമാരകാലത്ത് ഒരുമിച്ചു വേദികളിൽ മോണോആക്ട് മത്സരത്തിനൊക്കെ പോകും ഞങ്ങൾ .നോബിയും ,സുരാജേട്ടന്റെ അനുജൻ അരുണും (അവനിന്നില്ല 😞)ഒക്കെയുണ്ടാകും മിക്കപ്പോഴും .അന്നും പ്രസംഗവും ഉപന്യാസവും ഒക്കെയായിരുന്നു ഇക്കാടെ മേഖല .ഒരിക്കലും എന്തെങ്കിലും സങ്കടങ്ങൾ പറഞ്ഞു തളർന്നിരുന്നു കണ്ടിട്ടില്ല .എനിക്കുറപ്പായിരുന്നു ഈ മനുഷ്യൻ ഇന്ദ്രപ്രസ്ഥത്തിന്റെ പച്ചപ്പരവതാനിയിലേക്ക് നെഞ്ചുവിരിച്ച് നടന്നു കയറുമെന്ന് !
എനിക്കുറപ്പാണ് ,അനേകരുടെ ആവശ്യങ്ങൾക്കായി ഈ ശബ്ദം ഉറച്ച നിലപാടുകളോടെ എന്നും ഉയർന്നു കേൾക്കുമെന്ന് !!
എനിക്ക് അഭിമാനമാണ് ;കുടുംബത്തിൽ നിന്നൊരാൾ ,വഴികാട്ടിയായ ഒരാൾ -കേരളക്കരയുടെ ശബ്ദമായി മാറുന്നു എന്നത് .
എല്ലാവിധ ആശംസകളും ,ബഹുമാനവും നേരുന്നു സഖാവ് A A Rahim ന് .
കക്ഷി രാഷ്ട്രീയ ഭേദമന്യേ നല്ല പ്രവർത്തനങ്ങളെ പിന്തുണച്ചിട്ടുള്ള കേരള ജനത താങ്കളുടെ നല്ല പ്രവർത്തങ്ങൾക്ക് എന്നും ഒപ്പമുണ്ടാകട്ടെ .
പാർലമെന്റിന്റെ ചരിത്രത്താളുകളിൽ ഓർത്തുവയ്ക്കപ്പെടാനുള്ള നിമിഷങ്ങളുണ്ടാകട്ടെ വരും നാളുകളിൽ .
പരക്കട്ടെ പ്രകാശം