ഇന്ത്യയുടെ ഓസ്‌കാര്‍ നോമിനേഷനില്‍ സൗദി വെള്ളക്കയും ഉണ്ടാകും!!! ചിലവാക്കുന്ന സമയവും പണവും പാഴാകില്ല- ശബരിനാഥന്‍

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും തന്റെ അഭിപ്രായം കുറിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച…

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ ശേഷം കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും തന്റെ അഭിപ്രായം കുറിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’യെന്ന് ശബരിനാഥന്‍ പറയുന്നു.

നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളില്‍ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതല്‍. ഒന്ന് ചിരിച്ചുതള്ളേണ്ട, അവഗണിക്കേണ്ട, നിസ്സാരവല്‍ക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം പറയുന്നത്. പത്തോ പതിനഞ്ച് വര്‍ഷം കൊണ്ട് നാമറിയാതെ ജീവിതങ്ങള്‍ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കുമെന്നാണ് ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയ ലുക്മാന്‍, ബിനു പപ്പു, ദേവി വര്‍മ എന്നിവരെയും ശബരിനാഥന്‍ പ്രശംസിക്കുന്നുണ്ട്. ലുക്മാനും ബിനു പാപ്പനും സുജിത് ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയായിരുന്നു. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നില്‍ നില്‍ക്കുന്നത് ഉമ്മയുടെ കഥാപാത്രമാണെന്നും ശബരിനാഥന്‍ പറഞ്ഞു.

ഇന്ത്യയുടെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള പരിഗണന പട്ടികയില്‍ സൗദി വെള്ളക്കയും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശബരിനാഥന്‍ പറഞ്ഞു. വിഷ്വല്‍ എഫക്ടും വന്‍ താരനിരയും ഇല്ലാത്ത ചിത്രങ്ങള്‍ OTT യില്‍ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയേറ്ററില്‍ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെ പോയി ആസ്വദിക്കണം എന്നും ശബരിനാഥന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിനുവേണ്ടി നിങ്ങള്‍ ചിലവാക്കുന്ന സമയവും പണവും പാഴാകില്ല എന്ന് പറഞ്ഞാണ് ശബരിനാഥന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.