‘മാധവന്‍ കട്ട കിണ്ടി വാങ്ങിയത് അംബികയാണ്’; അംബിക റാവു സിനിമയിലെത്തിയതിനെക്കുറിച്ച് ലാല്‍ ജോസ്

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ അമ്മ വേഷത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു അംബിക റാവു. നടിയെന്ന നിലയില്‍ മാത്രമല്ല, സഹസംവിധായികയായും മലയാളസിനിമയില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അംബിക റാവുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍…

‘കുമ്പളങ്ങി നൈറ്റ്‌സി’ലെ അമ്മ വേഷത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു അംബിക റാവു. നടിയെന്ന നിലയില്‍ മാത്രമല്ല, സഹസംവിധായികയായും മലയാളസിനിമയില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അംബിക റാവുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

2001-2002 കാലഘട്ടത്തിലാണ് അംബികയെ പരിചയപ്പെടുന്നത്. ബാംഗ്ലൂരില്‍ ആഡ് ഏജന്‍സി നടത്തിയിരുന്ന അംബിക, സിനിമാ മോഹവുമായി നടന്നിരുന്ന സമയത്ത് തന്റെ ‘മീശമാധവന്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അഭിനയിച്ചുവെന്നും മാധവന്‍ കട്ട കിണ്ടി വാങ്ങുന്ന സ്ത്രീ അംബികയായിരുന്നുവെന്നും പിന്നീട് ‘പട്ടാളം’ എന്ന സിനിമയിലും വേഷമിട്ടിരുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.‘ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള അംബിക പിന്നീട് ട്രാന്‍സ്ലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മറു ഭാഷാ നടികള്‍ക്ക് മലയാളം സംസാരിക്കാന്‍ പഠിപ്പിച്ചിരുന്നത് അംബികയാണ്. അസോസിയേറ്റ് ഡയറക്ടറായും സജീവമായിരുന്നു. പ്രശ്‌നങ്ങളെ നേരിട്ട് സിനിമാ മേഖലയില്‍ പിടിച്ചു നിന്ന വ്യക്തിയാണ് അംബിക. നല്ലൊരു സ്ത്രീയായിരുന്നു. വളരെ കാലമായി അറിയാം, വിശേഷങ്ങള്‍ പരസ്പരം വിളിച്ചു പറയാറുണ്ടായിരുന്നു’. എന്നാണ് ലാല്‍ ജോസ് പറഞ്ഞത്.മീശ മാധവന്‍, പട്ടാളം, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും അംബികാ റാവു പ്രവര്‍ത്തിച്ചിരുന്നു. തൃശൂര്‍ സ്വദേശിനിയായ അംബിക റാവു വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടക്കുക.