ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റും മാലിദ്വീപ് യുവതിയും, പക്ഷെ ആ സംഭവത്തിന് ശേഷം കഥമാറി; റോക്കട്രി ദി നമ്പി ഇഫക്ടിനെക്കുറിച്ച് മാധവന്‍

Published by
Aswathy

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. നടന്‍ മാധവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. നമ്പി നാരായണന്റെ കഥ സിനിമയാക്കുന്നതിലേക്ക് എത്തിയതിനെക്കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഈ സിനിമ സംവിധാനം ചെയ്തത് ഒരു ധീരതയുടെ പുറത്തല്ല, അതിന്റെ ആവശ്യം വന്നതുകൊണ്ടാണ്. എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്നില്ലായിരുന്നു. നമ്പി നാരായണന്റെ കഥ ഞാന്‍ നേരത്തെ കേട്ടിരുന്നു. മാലിദ്വീപിലെ സ്ത്രീയുമായി ഒരു അഫെയറുള്ള സയന്റിസ്റ്റ്. അതുകൊണ്ട് അദ്ദേഹത്തെ ജയിലിലിടുന്നു. ഇതൊരു ജയിംസ് ബോണ്ട് സ്റ്റോറിയാകുമെന്നാണ് വിചാരിച്ചത്. സുന്ദരിയായ മാലിദ്വീപ് യുവതിയും ഐ.എസ്.ആര്‍.ഒ സയന്റിസ്റ്റും. ആ രീതിയില്‍ കഥ ചെയ്യാമെന്നാണ് കരുതിയതെന്നും മാധവന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നമ്പി നാരായണനെ കണ്ടപ്പോള്‍ കാര്യങ്ങളാകെ മാറിയെന്നും ഇതൊരു സാധാരണ കഥയല്ലെന്ന് തനിക്കപ്പോഴാണ് മനസിലായതെന്നും മാധവന്‍ പറഞ്ഞു. നമ്പി നാരായണന്റെ സംഭാവനകള്‍ ഒരിക്കലും വലിയ അഭിമാനത്തോടെയല്ല അദ്ദേഹം പറയുന്നത്. വികാസ് എഞ്ചിന്‍ വികസിപ്പിച്ചതൊക്കെ സാധാരണ കാര്യം പോലെ പറഞ്ഞു. എന്നാല്‍ തന്റെ മേല്‍ വന്ന കേസില്‍ അദ്ദേഹത്തിന് എപ്പോഴും ദേഷ്യമായിരുന്നു. കേസിനെ പറ്റി ഓര്‍ക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥനും വികാരാധീനനുമായി. അദ്ദേഹത്തിന്റെ കഥ കേട്ടതിന് ശേഷം താന്‍ അത് എഴുതാന്‍ തീരുമാനിച്ചവെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.