ലോകത്തിന് മുന്നിൽ ഇതാ മലയാളത്തിന്റെ മഹാനടൻ! ഓസ്ട്രേലിയയിൽ മമ്മൂട്ടിക്ക് ആദരം, സ്റ്റാമ്പിൽ താരത്തിന്റെ മുഖം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓസ്‍ട്രേലിയയിൽ പതിനായിരം പേഴ്‍സണലൈസ്‍ഡ് സ്റ്റാമ്പുകളിൽ താരത്തിന്റെ…

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓസ്‍ട്രേലിയയിൽ പതിനായിരം പേഴ്‍സണലൈസ്‍ഡ് സ്റ്റാമ്പുകളിൽ താരത്തിന്റെ മുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു. പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമിഷണർ മൻപ്രീത് വോറയ്ക്കു കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എംപി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതിയാണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി മമ്മൂട്ടിയെ കാണുന്നുവെന്നാണ് ഡോ. ആൻഡ്രൂ ചാൾട്ടൻ എംപിയുടെ വാക്കുകൾ. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണം എന്നാണ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ പറഞ്ഞത്. ഓസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. ഓസ്‌ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന കേരള ന്യൂസ്‌ പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ്‌ ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകളുമായാവും വീടുകളിൽ എത്തുക.