കൊല്ലം ഷായുടെ ജീവന്‍ തിരിച്ചുനല്‍കി മമ്മൂട്ടി!!!

ചലച്ചിത്ര-സീരിയല്‍ നടന്‍ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ ഇടപെട്ട് മെഗാതാരം മമ്മൂട്ടി. സീരിയലിന്റെ ഷൂട്ടിനിടെയാണ്കൊല്ലം ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തി വിദഗ്ധ പരിശോധനയില്‍ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തി. നടന്‍ മനോജ്…

ചലച്ചിത്ര-സീരിയല്‍ നടന്‍ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ ഇടപെട്ട് മെഗാതാരം മമ്മൂട്ടി. സീരിയലിന്റെ ഷൂട്ടിനിടെയാണ്കൊല്ലം ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തി വിദഗ്ധ പരിശോധനയില്‍ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തി. നടന്‍ മനോജ് ആണ് മമ്മൂക്കയെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി മനോജിനെ വിളിച്ച് അറിയിക്കുകകയായിരുന്നു.

മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷായുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ വിഷമിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം കൊടുത്ത് സഹായിച്ചിരുന്നു.

സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷായ്ക്ക് നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അദ്ദേഹത്തിന് ഹൃദയത്തില്‍ നാല് ബ്ലോക്കുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്നുള്ള ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ലായിരുന്നു. ഞങ്ങളുടെ സീരിയല്‍ കുടുംബത്തില്‍ അത് ചര്‍ച്ച ചെയ്തിരുന്നു. ഗ്രൂപ്പില്‍ ഉള്ള ഷാജി തിരുമല എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് ഷാ ഇക്കായ്ക്ക് വേണ്ടി ഓടി നടക്കുന്നതെന്നും മനോജ് പറഞ്ഞു.

സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് 25000 രൂപ ഉടന്‍ തന്നെ പാസാക്കി ഷായ്ക്ക് കൊടുത്തിരുന്നു. ബാക്കിയുള്ള അംഗങ്ങള്‍ എല്ലാം സഹായിക്കണം എന്ന് ഞങ്ങള്‍ എല്ലാം കൂടി തീരുമാനിച്ചിരുന്നു. പക്ഷേ ലക്ഷങ്ങള്‍ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ല. ഇതിനിടെ സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു.

ഉടനെ തന്നെ അവര്‍ ഒരു 25000 രൂപ സംഘടിപ്പിച്ച് ഇക്കയുടെ അക്കൗണ്ടിലേക്ക് അയച്ചു. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സഹായിക്കാന്‍ മുന്നോട്ടു വരുന്ന വലിയ മനസ്സിന്റെ ഉടമയാണ് സീമ. ഇത്രയുമൊക്കെ ഞങ്ങള്‍ ചെയ്തെങ്കിലും ഇതിന്റെ ചെലവ് ഭീകരമായതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് ഷാജി തിരുമലയോടും കൂടി ചോദിച്ച് മമ്മൂക്കയെ വിവരമറിയിച്ചത്.

അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാന്‍ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്സ് അയച്ചു. സാധാരണ എന്ത് മെസ്സേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഈ മെസേജിന് പ്രതികരിച്ചില്ല. ജൂണ്‍ ഏഴാം തീയതി ആണ് ഞാന്‍ ആദ്യം മെസ്സേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12 ആം തീയതി അദ്ദേഹത്തിന്, ”ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം മമ്മൂക്ക” എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല.

അപ്പോഴാണ് ഷാജി എന്നോട് പറഞ്ഞത്, തിരുവനന്തപുരത്തൊരു ആശുപത്രിയില്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ഒരു പദ്ധതി ഉണ്ട്. അതില്‍ ഹൃദയ ശസ്ത്രക്രിയ ഫ്രീ ആയി ചെയ്യാന്‍ കഴിയും, മമ്മൂക്ക വിചാരിച്ചാല്‍ നടക്കും ഒന്നുകൂടി മനോജ് മമ്മൂക്കയോട് പറയുമോ എന്ന്. ഇനി ഞാന്‍ മമ്മൂക്കയെ ബുദ്ധിമുട്ടിക്കില്ലെന്ന് ഷാജിയോടു പറഞ്ഞു.

പക്ഷേ ജൂണ്‍ പതിനഞ്ച് എന്നെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. ഒരു 6:55 ആയപ്പോള്‍ എന്റെ ഫോണില്‍ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാന്‍ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാന്‍ കോള്‍ എടുത്തു.

”മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാന്‍ ആശുപത്രിയില്‍ വിളിച്ചു പറയാം, വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു തരും”എന്നാണ് മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവന്‍ സൗജന്യമായി നടത്തി.

ജീവിതത്തില്‍ ആദ്യമായി ഈ സിംഹത്തിന്റെ കോള്‍ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ്. ഷായുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയില്‍ നടന്നുവെന്നും അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാകണമെന്നും മനോജ് വ്യക്തമാക്കി.