ഒരു പൊട്ടബുദ്ധിക്ക് തോന്നിയതാണ്!!! ബീനയെ ഒരുപാട് വിഷമിപ്പിച്ചു- മാപ്പ് പറഞ്ഞ് മനോജ്

ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് നടി ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ഇരുവരും എല്ലായ്‌പ്പോഴും വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസവും മനോജ് ഒരു വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിലിറ്റ് പോസ്റ്റ്…

ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് നടി ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ഇരുവരും എല്ലായ്‌പ്പോഴും വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസവും മനോജ് ഒരു വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിലിറ്റ് പോസ്റ്റ് ചെയ്തിരുന്നു. അത് ഏറെ വൈറലാവുകയും ചെയ്തിരുന്നു. താരങ്ങള്‍ വിവാഹമോചനത്തിലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയായിരുന്നു.

സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയ നടി എത്തുന്ന കാര്യമാണ് മനോജ് തെറ്റിദ്ധാരണ പരത്തുന്ന വിധം അവതരിപ്പിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് മനോജ് കുമാര്‍.

‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി, പക്ഷേ ഞാന്‍ തോല്‍ക്കില്ല’ എന്ന് പറഞ്ഞാണ് മനോജ് യൂട്യൂബ് വീഡിയോ പങ്കുവച്ചത്. അത് ഏറെ വൈറലാവുകയും ചെയ്തു.ഭാര്യ ബീന ആന്റണിയുമായി വേര്‍പിരിഞ്ഞു എന്നു തോന്നലുണ്ടാക്കി വീഡിയോക്ക് കാഴ്ച്ചക്കാരെ കൂട്ടാനാണ് മനോജിന്റെ ശ്രമം എന്ന രീതിയില്‍ വീഡിയോയ്ക്ക് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെയാണ് മനോജ് ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

പണമുണ്ടാക്കാനും കാഴ്ച്ചക്കാരെ കൂട്ടാനും എന്ത് വൃത്തികേടും ചെയ്യുന്ന ആളെന്ന രീതിയിലാണ് പലരും വിമര്‍ശിച്ചത്. സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനായിരുന്നു ഉദ്ദേശം. നടി മാറുന്നതിനാല്‍ സീരിയലിന്റെ സംവിധായകനും ടെന്‍ഷനിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പരമാവധി പ്രചരിപ്പിക്കാമോ എന്നു ചോദിച്ചപ്പോള്‍ ഒരു പൊട്ടബുദ്ധിക്ക് തോന്നിയ ടൈറ്റിലാണ് അത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും മനോജ് പറയുന്നു.

തന്റെ ഈ പ്രവൃത്തി ഭാര്യയും നടിയുമായ ബീന ആന്റണിയേയും വേദനിപ്പിച്ചുവെന്നും മനോജ് പറയുന്നു. ‘മനു എന്തിനാണ് അങ്ങനെ ടൈറ്റില്‍ ഇട്ടതെന്ന്’ ബീന എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ തങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസിലാക്കാനായി, എല്ലാവര്‍ക്കും നല്ലതുമാത്രം വരട്ടെയെന്നും മനോജ് വ്യക്തമാക്കി.