സ്വവര്‍ഗ പ്രണയം സിനിമയാക്കിയതിന് അന്ന് തന്നെ കല്ലെറിഞ്ഞു!!! ‘കാതല്‍’ സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമെന്ന് പദ്മകുമാര്‍

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ജിയോ ബേബി ചിത്രം കാതലാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. മമ്മൂക്കയ്ക്കും ജിയോ ബേബിയ്ക്കും കൈയ്യടികളാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. ചിത്രത്തിനെ കുറിച്ച് സംവിധായകന്‍…

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തിയ ജിയോ ബേബി ചിത്രം കാതലാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. മമ്മൂക്കയ്ക്കും ജിയോ ബേബിയ്ക്കും കൈയ്യടികളാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. ചിത്രത്തിനെ കുറിച്ച് സംവിധായകന്‍ എം.ബി. പദ്മകുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കാതലിന് കൈയ്യടിയ്ക്കുന്നതോടൊപ്പം തന്റെ ചിത്രത്തിന് നേരിടേണ്ടി വന്ന ദുരവസ്ഥയും വ്യക്തമാക്കുകയാണ് പദ്മകുമാര്‍.

സ്വവര്‍ഗ പ്രണയം പ്രമേയമാക്കി പദ്മകുമാര്‍ 2014ല്‍ സംവിധാനം ചെയ്ത സിനിമയാണ് ‘മൈ ലൈഫ് പാര്‍ട്ണര്‍’. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നതിനാല്‍ സിനിമയ്ക്ക് തിയറ്റര്‍ കിട്ടാന്‍ ബുദ്ധിമുട്ടി. മാത്രമല്ല സിനിമ റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നും തന്റെ സിനിമ മാറ്റി ഗര്‍ഭശ്രീമാന്‍ എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്നും പദ്മകുമാര്‍ പറയുന്നു.

ഒടുവില്‍ ഒന്നുരണ്ടു മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു, കാണാന്‍ ആരുമുണ്ടായില്ല. പക്ഷേ ‘മൈ ലൈഫ് പാര്‍ട്ണറിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സുദേവ് നായര്‍ക്ക് നല്ല നടനുള്ള പുരസ്‌കാരവും ലഭിച്ചു.

ഒരുപാട് ത്യാഗം സഹിച്ചാണ് ‘മൈ ലൈഫ് പാര്‍ട്ണര്‍’ നിര്‍മിച്ചത്. നിര്‍മാതാവ് പിന്നീട് ഏതോ ഓണ്‍ലൈന്‍ ചാനലിന് വില്‍ക്കുകയും അവര്‍ അത് മുറിച്ച് മുറിച്ച് യൂട്യൂബ് ചാനലില്‍ ഇടുകയും ചെയ്തു. തന്റെ സിനിമ യെനിരാകരിച്ചെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സ്വവര്‍ഗ പ്രണയം പറഞ്ഞു വന്ന ജിയോ ബേബിയുടെ കാതല്‍ എന്ന സിനിമ ആളുകള്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് പദ്മകുമാര്‍ പറയുന്നു. സിനിമയില്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മമ്മൂട്ടിയെ അഭിനന്ദിക്കുന്നു എന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പദ്മകുമാര്‍ പറഞ്ഞു.

”കാതല്‍ സിനിമയില്‍ ഒരു സീന്‍ ഉണ്ട് മമ്മൂട്ടിന്റെ കഥാപാത്രം കണ്ണാടി നോക്കി മുഖം കഴുകുന്ന രംഗം. ഒരു പ്രാവശ്യമല്ല പലപ്രാവശ്യവും അദ്ദേഹം ടാപ്പില്‍ നിന്ന് വെള്ളം എടുത്ത് ഇങ്ങനെ മുഖം കഴുകി കൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ രംഗം അവതരിപ്പിച്ചത്. എത്ര ആഴത്തിലാണ് അദ്ദേഹം ആ കഥാപാത്രത്തെ മനസ്സിലാക്കിയതും പഠിച്ചതും തെളിവാണ് ആ സീന്‍. സമൂഹം ചാര്‍ത്തി തന്ന ലേബലുകള്‍ എത്ര കഴുകിയാലും മാറില്ല എന്നുള്ള രീതിയിലാണ് അദ്ദേഹം ഇന്ന് കണ്‍സീല്‍ ചെയ്തതും അവതരിപ്പിച്ചതും. ജിയോ ബേബിക്ക് കിട്ടിയ ഭാഗ്യം പല സംവിധായകര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും കിട്ടാത്തതുകൊണ്ട് മെയിന്‍ സ്ട്രീമിലേക്ക് വരാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സ്വവര്‍ഗ പ്രണയം അവതരിപ്പിച്ച ഒരു സിനിമ മലയാളത്തില്‍ എത്രമാത്രം സ്വീകരിക്കപ്പെട്ടപ്പോള്‍ 2014 ഇറങ്ങിയ ഒരു സിനിമയെപ്പറ്റി ഞാന്‍ ആലോചിക്കുകയാണ്.

‘മൈ ലൈഫ് പാര്‍ട്ണര്‍’ എന്ന എന്റെ സിനിമ അത് സ്വവര്‍ഗ പ്രണയം പറഞ്ഞ സിനിമ തന്നെയായിരുന്നു. മറ്റൊരുതലത്തില്‍ സൗഹൃദ പ്രണയത്തെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു അത് സമൂഹത്തില്‍ തിരിച്ചുപിടിച്ച് മറ്റൊരു കണ്ണാടി ആയിരുന്നു. അതിലെ കഥയും കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നവരാണ്. ഒരു റിസര്‍ച്ച് ചെയ്ത് ഞാന്‍ എഴുതിയ ഒരു സിനിമയായിരുന്നു അത്. 2014 ല്‍ ഞാന്‍ അനുഭവിച്ച ഒരു മാനസിക സംഘര്‍ഷം വല്ല വളരെ വലുതായിരുന്നു.

ഒരു സ്വവര്‍ഗ പ്രണയ സിനിമ ഞാന്‍ ചെയ്തു എന്നു പറഞ്ഞിട്ട് സമൂഹം എന്റെ നേരെ കല്ലെറിഞ്ഞിരുന്നു. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവരോട് പറഞ്ഞത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കള്‍ ആണ് എന്നാണ്. അവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു അത് എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ കുത്തി നോവിച്ചിരുന്നു. എന്റെ സിനിമ റിലീസ് ചെയ്ത സമയത്ത് ഇത് നിങ്ങള്‍ക്ക് കാണൂ അഭിപ്രായം പറയൂ എന്ന് പറഞ്ഞിട്ട് പലരെയും പല സൂപ്പര്‍താരങ്ങളെയും ഞാന്‍ സമീപിച്ചതാണ്. ആരുടെയും അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ല പലരും മുഖം തിരിച്ചിരുന്നു എന്നും .

സിനിമ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ ലുലു മാളിലെ തിയറ്ററില്‍ പോയിരുന്ന സമയത്ത് ചിന്തിച്ചത് സ്‌ക്രീനില്‍ തെളിയാന്‍ പോകുന്ന എന്റെ സിനിമയെക്കുറിച്ച് അല്ലായിരുന്നു, വാതില്‍ തുറന്ന് ആരെങ്കിലും ഒക്കെ കടന്നുവരണം എന്റെ സിനിമ കാണാന്‍ എന്നാണ്. പക്ഷേ അധികം പേരൊന്നും ആ സിനിമയ്ക്ക് വന്നില്ല.

സിനിമയില്‍ ഏതെങ്കിലും ഒക്കെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് തിയറ്റര്‍ തരാം എന്നാണ് തിയ്യേറ്ററുകാര്‍ പറഞ്ഞത്. തിയറ്ററുകള്‍ കിട്ടാത്തതുകൊണ്ട് മൂന്ന് നാല് മള്‍ട്ടിപ്ലക്‌സില്‍ മാത്രം ഒതുങ്ങിപ്പോയ ചിത്രമായി. പക്ഷേ ആ വര്‍ഷത്തെ 4 സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടി.

മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലെ എല്ലാവരും നന്നായി അഭിനയിച്ചു സുദേവ് ഏറ്റവും മികച്ച നടന്‍ എന്നുള്ള അവാര്‍ഡ് ലഭിച്ചു. കൊച്ചു പ്രേമന്‍ ചേട്ടനെ രൂപാന്തരം ചെയ്ത് അഭിനയിപ്പിച്ച് നാഷ്‌നല്‍ അവാര്‍ഡിന്റെ വരെ എത്തിപ്പിച്ചു. ഈ സിനിമയില്‍ അഭിനയിച്ച ബാലതാരത്തിന് മറ്റൊരു സിനിമയില്‍ ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വലിയ താരങ്ങള്‍ നമുക്ക് സ്‌പേസ് തന്നില്ലെങ്കില്‍ പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ അല്ലേ നമുക്ക് കഴിയൂ. എന്തായാലും ഇനിയും ഇതുപോലെയുള്ള വിഷയങ്ങള്‍ മലയാള സിനിമയില്‍ വരട്ടെ മമ്മൂട്ടി സാറിന്റെ പെര്‍ഫോര്‍മന്‍സിനു ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. അസാധ്യമായിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത് ഒരിക്കല്‍ കൂടി പറയുന്നു നിങ്ങള്‍ പറ്റുമെങ്കില്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമ കൂടി കാണണം. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തണം എല്ലാവര്‍ക്കും നല്ലതു വരട്ടെ.” എന്നാണ് പദ്മകുമാര്‍ പറയുന്നത്.