ഞാനെന്റെ ബേബി ഗേളിനെ കണ്ടു! നസ്രിയയെ കണ്ട സന്തോഷം പങ്കുവെച്ച് മേഘ്‌ന രാജ്

Published by
Aswathy

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് നസ്രിയയും മേഘ്‌ന രാജും. ഇരുവരും നല്ല സുഹൃത്തുക്കളാണ്. തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കിടാറുള്ള മേഘ്ന പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അത് മറ്റൊന്നുമല്ല, അടുത്ത സുഹൃത്തായ നസ്രിയയെ കണ്ടുമുട്ടിയതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്.

നിറചിരിയോടെ പരസ്പരം ചേര്‍ന്നു നിന്നാണ് ഇരുവരും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. റീയൂനിറ്റഡ് വിത്ത് മൈ ബേബി ഗേള്‍ എന്ന ക്യാപ്ഷനോടെയായാണ് മേഘ്ന ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ദേ മൈന്‍ എന്നായിരുന്നു നസ്രിയ കുറിച്ചത്. ശരിക്കും സഹോദരിമാരെപ്പോലെയുണ്ട്, ക്യൂട്ട് ചിത്രങ്ങള്‍ തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. നസ്രിയയും ഫഹദുമായി സൗഹൃദമുണ്ടെന്ന് മുമ്പും മേഘ്ന വ്യക്തമാക്കിയിരുന്നു.

മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാടില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സങ്കടപ്പെട്ടിരുന്നു. മേഘ്‌ന ഗര്‍ഭിണിയായി ഇരിക്കെയാണ് ചിരഞ്ജീവിയുടെ മരണം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്ന പറഞ്ഞത്. ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും അന്ന് മേഘ്ന പറഞ്ഞിരുന്നു.

ചിരുവിന്റെ വേര്‍പാടിനും മകന്റെ ജനനത്തിനും എല്ലാം ഒടുവില്‍ നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് വീണ്ടും സജീവമായിരിക്കുകയാണ് താരം. താന്‍ അഭിനയിക്കുന്നതില്‍ ചിരുവിന്റെ ബന്ധുക്കള്‍ക്ക് പ്രശ്നമില്ലെന്നും, എപ്പോഴും സന്തോഷത്തോടെ തന്നെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മേഘ്ന പറഞ്ഞിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായാണ് മേഘ്ന വീണ്ടും എത്തിയത്.