ഒടിടി റിലീസിംഗിന്റെ പേരില്‍ മിന്നല്‍ മുരളിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ നിന്നും അവഗണിച്ചു: മനു ജഗദ്

മിന്നല്‍ മുരളിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ നിന്നും അവഗണിച്ചെന്ന് ചിത്രത്തിന്റെ കലാ സംവിധായകന്‍ മനു ജഗദ്. മിന്നല്‍ മുരളി പോലുള്ള ഒരു ചിത്രം എടുക്കാന്‍ മുന്നോട്ട് വന്ന ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ധൈര്യം ഒ…

മിന്നല്‍ മുരളിയെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ നിന്നും അവഗണിച്ചെന്ന് ചിത്രത്തിന്റെ കലാ സംവിധായകന്‍ മനു ജഗദ്. മിന്നല്‍ മുരളി പോലുള്ള ഒരു ചിത്രം എടുക്കാന്‍ മുന്നോട്ട് വന്ന ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ധൈര്യം ഒ ടി ടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്ന് നടിച്ചവരോട് പുച്ഛം തോന്നുന്നുവെന്നും മനു ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.

കേരളം പോലെ ഒരു ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നു കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു മിന്നല്‍ മുരളി. കോവിഡ് വന്നതിനാല്‍ മാത്രമാണ് ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഈ പറയുന്ന വിധികര്‍ത്താക്കളും കോവിഡ് കാലത്ത് വീട്ടില്‍ തന്നെയായിരുന്നല്ലൊ കഴിഞ്ഞിരുന്നത്.

ഒ ടി ടി റിലീസിംഗ് ആയിട്ടുപോലും മികച്ച പ്രതികരണമാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. സിനിമയിലും പുറത്ത് നിന്നുമുള്ള എത്രയോ പ്രശസ്തരാവയവുടെ അഭിനന്ദനങ്ങളാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. എന്നിട്ട് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുരസ്‌ക്കാര വേദിയില്‍ മിന്നല്‍ മുരളിക്ക് സ്ഥാനം ലഭിച്ചില്ല എന്നത് അപമാനകരമാണെന്നും മനു ജഗദ് എഴുതുന്നു.

പുരസ്‌കാരങ്ങള്‍ക്ക് പൂര്‍ണത വരണമെങ്കില്‍ അത് ആരെയെങ്കിലും തൃപ്തിപ്പെടുത്തുവാന്‍ മാത്രം കൊടുക്കരുത്. വരും കാലങ്ങളില്‍ ഓണ്‍ലൈന്‍ വോട്ടിങ് പോലെയുള്ള നടപടികളിലൂടെ വിശ്വസനീയമായ മാര്‍ഗങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതില്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കാം.

സിനിമ ലോകത്ത് തന്നെ കൈവക്കുവാന്‍ ആരും ഭയക്കുന്ന എന്നാല്‍ എല്ലാവരും കൊതിക്കുന്ന ഒരു ചിത്രത്തെ മനോഹരമായി പൂര്‍ത്തികരിച്ച വ്യക്തിയാണ് ബേസില്‍ ജോസഫ്. ഇതിന്റെ തെളിവാണ് ഒ ടി ടി കളില്‍ നിന്നും ലഭിച്ചത്. ബേസിലിന്റെ കഠിനാധ്വാനവും ആര്‍ത്മാര്‍ത്ഥതയും കണ്ടില്ലെന്ന് നടിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഹോമിനും ഒപ്പം ഹോമിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിനും അവാര്‍ഡ് കൊടുക്കാത്തത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.