യുവ നടിയെ അഞ്ചിടങ്ങളില്‍വെച്ച് പീഡിപ്പിച്ചു: വിജയ് ബാബുവിന് എതിരെ കൂടുതല്‍ തെളിവുകള്‍, പരാതികാരിക്കൊപ്പം വിജയ് ബാബു ഹോട്ടലില്‍ എത്തിയതിനും തെളിവ്

പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്. നടിയെ അഞ്ചിടത്തു വെച്ച് പീഡിപ്പിച്ചതിന് തെളിവ് കണ്ടെത്തിയതായാണ് സൂചന. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലില്‍ എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.…

പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്. നടിയെ അഞ്ചിടത്തു വെച്ച് പീഡിപ്പിച്ചതിന് തെളിവ് കണ്ടെത്തിയതായാണ് സൂചന. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലില്‍ എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങള്‍ക്ക് പുറമെ അന്വേഷണ സംഘം ഹോട്ടല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച ശാസ്ത്രീയ തെളിവുകളടക്കം അന്വേഷണ സംഘം പരിശോധന വിധേയമാക്കി. ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ഡി. സി. പി പറഞ്ഞു. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിന് എതിരെ അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി വിജയ് ബാബു വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ് ബുക്ക് ലൈവില്‍ വന്നിരുന്നു.

പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇര എന്നു പറഞ്ഞാണ് വിജയ് ബാബു ലൈവിലെത്തി തനിക്കെതിരെ രംഗത്തെത്തിയ നടിയുടെ പേരു വിവരങ്ങള്‍ പങ്കുവെച്ചത്. മുന്‍ പിന്‍ നോക്കാതെ വൈരാഗ്യ ബുദ്ധിയോടെയുള്ള താരത്തിന്റെ ഈ നീക്കമാണ് സംഭവം കൂടുതല്‍ വഷളാക്കിയത്.

ഇതിനിടെ പരാതിക്കാരിക്കെതിരെ സമൂഹ മാധ്യമങ്ങളിലിട്ട വീഡിയോ നടന്‍ പിന്‍വലിക്കുകയും ഒളിവില്‍ പോകുകയുമായിരുന്നു. വിജയ് ബാബു യുവതിയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കടുത്ത സൈബര്‍ ആക്രമനമുണ്ടായി. ഒട്ടേറെപ്പേര്‍ മോശം കമന്റകളുമായി എത്തിയതോടെ യുവതിയ്ക്ക് തന്റെ അക്കൗണ്ടു തന്നെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു.

കേസില്‍ വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ്ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

യുവതി 22 ന് പരാതി നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.