ഹൃദയത്തിലെ പാട്ടുകള്‍ സംവിധായകന്റെ ഹൃദയം കീഴടക്കി, എആര്‍ റഹ്മാനേയും അനിരുദ്ധിനേയും ഒഴിവാക്കി വിജയ് ദേവരകൊണ്ട ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് ഹിഷാം

സംഗീത പ്രേമികള്‍ ഏറെ ആസ്വദിച്ച ഗാനങ്ങളായിരുന്നു അടുത്തിടെ ഇറങ്ങിയ ഹൃദയം എന്ന ചിത്രത്തിലേത്. പതിവായി കേട്ടു വന്നിരുന്ന പാട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തിയ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന, സാഹചര്യങ്ങള്‍ക്ക് ഉചിതമായ ഗാനങ്ങളായിരുന്നു ചിത്രത്തിലെ…

സംഗീത പ്രേമികള്‍ ഏറെ ആസ്വദിച്ച ഗാനങ്ങളായിരുന്നു അടുത്തിടെ ഇറങ്ങിയ ഹൃദയം എന്ന ചിത്രത്തിലേത്. പതിവായി കേട്ടു വന്നിരുന്ന പാട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തിയ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന, സാഹചര്യങ്ങള്‍ക്ക് ഉചിതമായ ഗാനങ്ങളായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം എന്ന് നിസ്സംശയം പറയാം.

ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം. എല്ലാ പാട്ടുകളിലും ഒളിഞ്ഞിരിക്കുന്ന വ്യത്യസ്തത. ഒപ്പം ചിത്രത്തിലെ സാഹചര്യങ്ങളുമായുള്ള പൊരുത്തപ്പെടലും ശ്രദ്ദേയം.

അതിന് മറ്റൊരു തെളിവു കൂടി ഇതാ… ഹൃദയത്തിലെ ഗാനങ്ങള്‍ കൊണ്ട് കോടി ക്കണക്കിന് ഹൃദയങ്ങള്‍ കീഴടക്കിയ ഹിഷാം അബ്ദുള്‍ വഹാബ് ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതും എ ആര്‍ റഹ്മാന്‍, അനിരുദ്ധ് എന്നിവരെ ഒഴിവാക്കി ആ സ്ഥാനത്തേയ്ക്കാണ് ഹിഷാം എത്തപ്പെട്ടിരിക്കുന്നത് എന്നു കൂടി ആകുമ്പോള്‍ ആ പാട്ടുകളുടെ സുഖം പിന്നെ പറയാനുണ്ടോ…?

സംഗീതത്തോട് താത്പര്യമില്ലാത്തവരാണെങ്കില്‍ കൂടി ഒരിക്കല്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ഗാനങ്ങളായിരുന്നു ഹൃദയത്തിലേത്. ചിത്രത്തിനു വേണ്ടി 15 പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഹിഷാം ഒരുക്കിയത്. ഹൃദയത്തിലെ പാട്ടുകള്‍ ഹിറ്റായതോടെ സംഗീത പ്രേമികള്‍ ഏറെ പ്രതീക്ഷയിലാണ്.

തെന്നിന്ത്യന്‍ യുവ സൂപ്പര്‍ താരമായ വിജയ് ദേവരക്കൊണ്ടയുടെ പന്ത്രണ്ടാമത് ചിത്രമായ ഖുശി യിലാണ് ഹിഷാം സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സാമന്തയാണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഹിഷാം തന്നെയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം ആയിരുന്നു ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോള്‍ ഗായകനായും സംഗീത സംവിധായകനായും തിളങ്ങുകയാണ്.

ഹൃദയത്തിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി കേട്ട ശിവ മറ്റൊന്നും ചിന്തിക്കാതെ ഹിഷാമിലേക്ക് എത്തപ്പെടുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഹൃദയത്തിന് ശേഷം വലിയൊരു ആല്‍ബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂര്‍ത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്. ഖുഷിയുടെ ചിത്രീകരണം ആരംഭിച്ചിട്ടണ്ട്. പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷന്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളിലെത്തും.