‘ഒരുത്തീ’ക്ക് ശേഷം വീണ്ടും നായികയായി തിളങ്ങാന്‍ നവ്യ നായര്‍!!

Published by
Nikhina

വളരെ നാളത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയ നടി നവ്യ നായര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. താരത്തിന്റെ തിരിച്ചു വരവ് അറിയിച്ച ചിത്രം ഒരുത്തീ ഏറെ പ്രശംസകള്‍ നേടി. ഇപ്പോള്‍ നൃത്ത വേദികളിലും സജീവമായി തുടരുന്ന നവ്യ നായരുടെ അടുത്ത സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നവ്യ നായര്‍ നായികയായി എത്തുന്നത്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ഈ ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.. സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നവ്യ നായരും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി സന്തോഷം ആരാധരുമായി പങ്കുവെച്ചിരിക്കുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയാണ് നവ്യ നായര്‍ അവതരിപ്പിക്കുന്ന ജാനകി. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു.. ഇതാണ് കഥയുടെ പ്രമേയം. ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് സൈജു കുറുപ്പാണ്.

എസ്.ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉയരെ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജോണിആന്റണി,കോട്ടയം നസീര്‍, നന്ദു, ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് ആരംഭിച്ചു എന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നു. ഇതൊരു നല്ല സിനിമയായി ഭവിക്കാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുമെന്നും റേഞ്ചില്ലാത്തത് കാരണമാണ് സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ്‌സ് വൈകിയത് എന്നും നവ്യ ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ സിനിമയ്ക്ക് ആശംസകള്‍ ഏകി നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെച്ചത്.