നീണ്ട നാളത്തെ പ്രണയത്തിനു ശേഷം നിക്കിയും ആദിയും വിവാഹിതരായി; വൈറലായി ചിത്രങ്ങള്‍

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചു നടന്ന വിവാഹച്ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. വിവാഹത്തിന് മുന്നോടിയായുള്ള മെഹെന്ദി ചടങ്ങുകള്‍…

നീണ്ട നാളത്തെ പ്രണയത്തിനു ശേഷം തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചു നടന്ന വിവാഹച്ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. വിവാഹത്തിന് മുന്നോടിയായുള്ള മെഹെന്ദി ചടങ്ങുകള്‍ നിക്കിയുടെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു.

മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കി ഗല്‍റാണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരസ്പരം കണ്ടെത്തി, അത് ഇപ്പോള്‍ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങള്‍ക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹനിശ്ചയം നടത്തി. ഞങ്ങള്‍ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു’, എന്നാണ് നടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിക്കുന്നത്.

വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി. മലയാളത്തില്‍ ഒമര്‍ലുലുവിന്റെ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്.

തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.