രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ തീപിടിത്തം; ഒരാൾ മരിച്ചു

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ലവ് രഞ്ജന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ മനീഷ് ദേവാഷി (32)യെ അടുത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുംബൈയിലെ…

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന ലവ് രഞ്ജന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തീപിടിത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ മനീഷ് ദേവാഷി (32)യെ അടുത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. രണ്‍ബീര്‍ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്. പത്ത് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തേത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

മര ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന താല്‍ക്കാലിക പന്തലില്‍ തീ പടര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജശ്രീ പ്രൊഡക്ഷന്‍സിന്റെ സെറ്റും സംവിധായകന്‍ ലവ് രഞ്ജന്റെ പുതിയ സിനിമയുടെ സെറ്റുമാണ് തീപിടിത്തത്തില്‍ കത്തിനശിച്ചതെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി അശോക് ദുബെ പറഞ്ഞു.

ബോണി കപൂറും ഡിംപിള്‍ കപാഡിയയുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 മാര്‍ച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. രണ്‍ബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജന്‍.