മകള്‍ക്ക് പഠിക്കാന്‍ ലോണിനായി ബാങ്കുകള്‍ കയറിയിങ്ങി: സുരേഷിനെ തേടി 70 ലക്ഷവുമായി ഭാഗ്യദേവത എത്തി

മകളുടെ പഠനത്തിനായി ലോണെടുക്കാന്‍ ബാങ്കുകള്‍ കയറിയിറങ്ങുന്നതിനിടെ അച്ഛന് ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷമാണ് തേടിയെത്തിയത്. തായിക്കാട്ടുകര ശ്രീനാരായണപുരം തറയില്‍ പി.കെ. സുരേഷിനാണ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനുള്ള…

മകളുടെ പഠനത്തിനായി ലോണെടുക്കാന്‍ ബാങ്കുകള്‍ കയറിയിറങ്ങുന്നതിനിടെ അച്ഛന് ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷമാണ് തേടിയെത്തിയത്. തായിക്കാട്ടുകര ശ്രീനാരായണപുരം തറയില്‍ പി.കെ. സുരേഷിനാണ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനുള്ള നറുക്ക് വീണത്. ബുധനാഴ്ച്ച വൈകിട്ട് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ എ.യു 750087 നമ്പറില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

വിദേശത്ത് അയച്ച മകള്‍ക്ക് ബിരുദാനന്തര ബിരുദം എടുക്കാനായി പണം കണ്ടെത്താന്‍ ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങുകയായിരുന്നു സുരേഷ്. അതിനിടെ ഈ അച്ഛനെ തേടി ഭാഗ്യ ദേവത കൃത്യ സമയത്ത് എത്തിയത്

സാധാരണ കുടുംബത്തിലെ അംഗമായ സുരേഷ് ഫാക്ടിലെ കരാര്‍ തൊഴിലാളിയാണ്. ഭാര്യ മിനി സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ട്. രണ്ട് മക്കളില്‍ മൂത്ത മകള്‍ ബിരുദ പഠനത്തിന് ശേഷം വിദേശത്ത് ബിരുദാനന്തര ബിരുദമെടുക്കുന്നതിന് നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആലുവയിലെ ദേശസാത്കൃത ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് സുരേഷ് ശ്രമിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഭാഗ്യദേവത പടികടന്നെത്തിയത്. തായിക്കാട്ടുകരയിലെ സബ് ഏജന്റ് സ്മിജേഷില്‍ നിന്നാണ് സുരേഷ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കിന് കൈമാറി.