റിലീസ് വാര്‍ഷികം പൊടിപൊടിക്കാന്‍ ‘പുഷ്പ’ വീണ്ടും തീയറ്ററുകളിലേക്ക്!!

Published by
Nikhina

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ കേരളത്തിലും വലിയ തരംഗമായി മാറിയിരുന്നു, കഴിഞ്ഞ വര്‍ഷത്തിലെ ഇന്ത്യയില്‍ നടന്ന സിനിമാ റീലിസുകളില്‍ പുഷ്പ ബോക്‌സ് ഓഫീസില്‍ കോടികളാണ് നേടിയത്. സിനിമ വമ്പന്‍ ഹിറ്റായി മാറിയതോടെ സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയിരിക്കുന്നത്. പുഷ്പ ദ് റൈസ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു എന്ന വിവരമാണ് അത്.

റിലീസിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക. ഹോളിവുഡില്‍ ഇത്തരത്തില്‍ സിനിമകള്‍ റീ റിലീസിന് എത്താറുണ്ട് എങ്കിലും ഒരു തെന്നിന്ത്യന്‍ ചിത്രം അതിന്റെ റിലീസിന്റെ ഒന്നാം വാര്‍ഷികത്തിന് വീണ്ടും തിയറ്ററുകളില്‍ എത്തുന്നു എന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സിനിമാ ആസ്വാദകര്‍ നോക്കി കാണുന്നത്. കേരളത്തില്‍ പുഷ്പ ചിത്രം വിതരണം ചെയ്തിരുന്നത്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഇവര്‍ തന്നെയാണ് റിലീസ് ദിനമായ ഡിസംബര്‍ 17 ന് പുഷ്പ 1 വീണ്ടും കേരളത്തിലെ തിയറ്ററുകളില്‍ എത്തിക്കുക. മലയാളം പതിപ്പിന്റെ പ്രദര്‍ശന തീയതി വെച്ചുള്ള പോസ്റ്ററുകളും തീയറ്ററില്‍ തരംഗമായി മാറുകയാണ്.

അല്ലു അര്‍ജുന്റെ ആരാധകരും വലിയ ആവേശത്തിലാണ്. അദ്ദേഹം നായകനായി തകര്‍ത്തപ്പോള്‍ മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ കസറി. അല്ലു അര്‍ജുന്റെ തന്നെ ഇത്രയും നാളത്തെ സിനിമാ കരിയറില്‍ വളരെ വ്യത്യസ്തമായൊരു വേഷം ആയിരുന്നു പുഷ്പയിലേത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ കഥയാണ് സിനിമ പറഞ്ഞത്.

സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്, രശ്മിക മന്ദാന ആയിരുന്നു നായിക വേഷത്തില്‍ എത്തിയത്. പുഷ്പ ദ് റൂള്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. ആദ്യഭാഗം ഗംഭീര വിജയം ആയതുകൊണ്ട് തന്നെ രണ്ടാം ഭാഗം അതിലും ഗംഭീരം ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.