‘ബീസ്റ്റിന്റെ’ പരാജയം ആവര്‍ത്തിക്കാനില്ല: നെല്‍സനെ സംവിധായകനായി വേണ്ടെന്ന് രജനീകാന്ത്: തലൈവര്‍ 169ന്റെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചേക്കും

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ ഒരു പരാജയമാണെന്ന പ്രതികരണങ്ങള്‍ക്കിടെ തന്റെ പുതിയ ചിത്രത്തില്‍ നിന്നും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെ മാറ്റാനൊരുങ്ങി രജനീകാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലൈവര്‍ 169…

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ ഒരു പരാജയമാണെന്ന പ്രതികരണങ്ങള്‍ക്കിടെ തന്റെ പുതിയ ചിത്രത്തില്‍ നിന്നും സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെ മാറ്റാനൊരുങ്ങി രജനീകാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തലൈവര്‍ 169 (ചിത്രത്തിന് നല്‍കിയിരിക്കുന്ന താല്‍ക്കാലിക പേരാണിത്) സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിന് ഇടയിലാണ് സംവിധായകനെ മാറ്റാന്‍ രജനീകാന്ത് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും രജനീകാന്തോ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളോ നല്‍കിയിട്ടില്ല. ബീസ്റ്റിനെ കുറിച്ചും രജനീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബീസ്റ്റ് റിലീസിന് പിന്നാലെ സംവിധായകന്റെ കഴിവ് അളക്കുന്നതിനായി രജനീകാന്തിനായി തലൈവര്‍ 169ന്റെ നിര്‍മ്മാതാക്കള്‍ പ്രത്യേക സ്‌ക്രീനിങ് സംഘടിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സിനിമ കണ്ട രജനീകാന്തിന് സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതി ഇഷ്ടമായില്ല. ഒപ്പം ബീസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും താരം ഗൗരവകരമായി എടുത്തു. ഇതിനെ തുടര്‍ന്ന് നല്‍സനെ സംവിധായകന്റെ സ്ഥാനത്തുനിന്നും മാറ്റാന്‍ രജനീകാന്ത് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

താന്‍ അഭിനയിച്ച അവസാന ചിത്രമായ അണ്ണാത്തെ വലിയ വിജയം കൈവരിച്ചിരുന്നില്ലാ എന്ന തിരിച്ചറിവ് രജനീകാന്തിന് ഉണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായ മറ്റൊരു പരാജയത്തെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാനാവില്ലായെന്നും അതുകൊണ്ടുതന്നെ നെല്‍സനെ മാറ്റാന്‍ തീരുമാനിച്ചു എങ്കില്‍ രജനീകാന്തിനെ കുറ്റം പറയാന്‍ കഴിയില്ലെന്നുമാണ് ആരാധകരുടെ വാദം. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അടസ്ഥാന രഹിതമാണെന്ന വാദവുമായി വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ബീസ്റ്റിനെ മനപ്പൂര്‍വ്വം പരാജയപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് ഇതെന്നാണ് ആരാധകരുടെ വാദം.

അതേസമയം, സമ്മിശ്ര പ്രതികരണങ്ങളുമായി ബീസ്റ്റ് പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ചിത്രത്തിന് എതിരെ സ്ഥിരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണം ശരിവെച്ച് വിജയുടെ പിതാവ് രംഗത്തെത്തിയത് ആരാധകര്‍ക്ക് വലിയ സങ്കടം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും അവതരണവും നന്നായിട്ടില്ലാ എന്ന അഭിപ്രായമാണ് താരത്തിന്റെ പിതാവും ഉന്നയിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും വിജയുടെ പിതാവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു.

ഒരു തമിഴ് മാധ്യമത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ഈ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സമ്മിശ്ര പ്രതികരണം നേടുന്നതിന് പിന്നാലെ കെ.ജി.എഫ് 2 കൂടി എത്തിയത് ബീസ്റ്റിനെ വലിയ തോതില്‍ തന്നെ പ്രതികൂലമായി ബാധിച്ചു.

അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ മാത്രമേ സിനിമ കണ്ടിരിക്കാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ബീസ്റ്റ്. നായകന്റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്ന് കരുതുന്നത് തെറ്റാണ്. ബീസ്റ്റിന്റെ എഴുത്തിനും അവതരണത്തിനും നിലവാരമില്ല… എന്ന് കൂടി ചന്ദ്ര ശേഖര്‍ കൂട്ടിച്ചേര്‍ത്തു.