റോക്കട്രി: ദ നമ്പി എഫക്റ്റ് ആമസോണ്‍ പ്രൈമില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published by
Gargi

ആര്‍ മാധവന്‍ നായകനായെത്തിയ ‘റോക്കട്രി: ദി നമ്പി എഫക്റ്റ്’ പ്രേക്ഷകരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. അത്തരത്തില്‍ നമ്പി നാരായണന്റെ കഥ പ്രേക്ഷകമനസില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ജൂലൈ 26ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലാണ് സ്ട്രീം ചെയ്യുക. ട്രൈ കളര്‍ ഫിലിംസും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സും നിര്‍മ്മിച്ച ചിത്രം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബുകള്‍ക്കൊപ്പം തമിഴിലും ആസ്വദിക്കാം.

ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെയാണ്. സിമ്രാന്‍, രഞ്ജിത് കപൂര്‍ എന്നിവരും പ്രധാനവേഷത്തിലുണ്ടായിരുന്നു. ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു. ”ഈ കഥയ്ക്ക് ജീവന്‍ പകരാന്‍ കഴിഞ്ഞത് അവിശ്വസനീയമായ ബഹുമതിയാണ്” എന്ന് ആര്‍. മാധവന്‍ പറഞ്ഞു.

”സിനിമയ്ക്ക് ഇതിനകം ലഭിച്ചിട്ടുള്ള എല്ലാ സ്നേഹത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സ്ട്രീമിംഗിനൊപ്പം ഞങ്ങളുടെ സിനിമയ്ക്ക് അടുത്തതായി എന്ത് നാഴികക്കല്ലുകളാണ് താണ്ടേണ്ടത് എന്ന് കാണാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഈ വേഷം അവതരിപ്പിക്കുന്നതും നമ്പി സാറിന്റെ ഈ അവിശ്വസനീയമായ കഥയ്ക്ക് നേതൃത്വം നല്‍കുന്നതും വളരെ നിര്‍ണായകമായിരുന്നു, കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രചോദിപ്പിക്കാനും പ്രബുദ്ധമാക്കാനും രസിപ്പിക്കാനും ഞങ്ങള്‍ക്ക് കൂടുതല്‍ വീടുകളിലേക്ക് എത്താന്‍ കഴിയുമെന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.