‘മമ്മൂക്ക നായികയെ പ്രേമം മൂത്ത് നോക്കുന്നത് ‘മുട്ടനാട് നോക്കുന്നത് പോലെ’

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ നിസാം ബഷീര്‍ ചിത്രം റോഷാക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.…

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ നിസാം ബഷീര്‍ ചിത്രം റോഷാക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആഘോഷിച്ച ചിത്രം ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. ഇപ്പോഴിതാ ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സാന്‍ ജിയോ എന്നയാള്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷങ്ങള്‍ മമ്മൂക്കയുടെ ഊര്‍ജ്ജം വല്ലാതെ ചോര്‍ത്തി കളഞ്ഞത് പോലെ തോന്നിക്കുന്നുണ്ടെന്ന് പറയുന്നു. ഓര്‍മ്മവെച്ചതിനു ശേഷം ആദ്യമായാണ് മമ്മൂട്ടിയുടെ ശരീരവും ആ മുഴക്കമുള്ള ശബ്ദവും ഇങ്ങിനെ ക്ഷീണിച്ചു കാണുന്നത്. ‘വണ്‍’ കഴിഞ് ഇങ്ങോട്ടുള്ള സിനിമകളെയെല്ലാം അത് ബാധിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതൊക്കെ എന്തായാലും നല്ല ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമായതില്‍ മമ്മൂക്കക്ക് തീര്‍ച്ചയായും അഭിനന്ദനങ്ങള്‍!
സുരേഷ് ഗോപിയുടെ പാപ്പനുമായാണ് സിനിമയെ താരതമ്യം ചെയ്യേണ്ടത്. നല്ല കഥ, എന്നാല്‍ നായകന് പെര്‍ഫോം ചെയ്യാന്‍ അവസരം കുറവ്.

പിന്നെ ഇത് രജനീകാന്ത് സിനിമയൊന്നും അല്ലല്ലോ എന്ന് സമാധാനിക്കാം. എന്നാല്‍ സുരേഷ് ഗോപിയെ പോലെ തന്നെ കഴിഞ്ഞ മൂന്ന് സിനിമകളിലും തുടര്‍ച്ചയായി ഒരേ ഭാവമാണ് മമ്മൂക്കയുടെ മുഖത്ത് കാണുന്നത് എന്നതും ഒരേ മീറ്ററില്‍ ആണ് ആ ഡയലോഗ്കള്‍ പറയുന്നത് എന്നതും ശരിയല്ലേ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക.
സിംപിളും, പവര്‍ഫുള്ളും ആയ ഒരു കഥയിലേക്ക് നായകന്റെ താളം തെറ്റിയ മനസ്സിന്റെ ഭ്രമകല്പനകള്‍ കൂട്ടി കലര്‍ത്തി മനപ്പൂര്‍വം കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ മായകാഴ്ചകള്‍ക്ക് കഥയുടെ ഗതിയില്‍ പങ്കില്ല, നായകന് ഹാലുസിനേഷന്‍ ഉണ്ടായാലും ഇല്ലെങ്കിലും കഥയുടെ പോക്കില്‍ പ്രത്യേക വ്യത്യാസം ഒന്നുമുണ്ടാവില്ല. അങ്ങനെ അത് കൊണ്ട് തന്നെ അയാളുടെ മാനസിക വ്യാപാരങ്ങള്‍ ഒട്ട് പൂര്‍ണതയില്‍ എത്തുന്നുമില്ല.

ലൂസ് എന്ഡുകള്‍ പലയിടതും കൂട്ടി കെട്ടപ്പെടാതെ കിടക്കുന്നത് മാത്രമാണ് ഈ നല്ല സിനിമയെ ഒരു മികച്ച ഫിനിഷിങ് നല്‍കുന്നതില്‍ തടസ്സം നില്‍ക്കുന്നത്. രാത്രിയില്‍ നടന്ന ഒരു കാര്‍ അപകടത്തില്‍ തന്റെ ഭാര്യയെ കാണാതായി എന്ന പരാതിയുമായാണ് നായകന്റെ ഇന്‍ട്രോ. അയാള്‍ വന്നതിന് ശേഷം ആ നാട്ടിന്‍പുറം ദുരന്തങ്ങള്‍ തുടരെ കാണേണ്ടി വരുന്നു. അവിടൊരു കുടുംബവുമായി പെട്ടന്ന് അടുക്കുന്ന നായകന്‍ ആ വീട്ടിലെ ഒരു വിധവയെ കെട്ടുന്നു. കാണാതായ ഭാര്യയെ പറ്റിയുള്ള പരാതിയില്‍ പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇങ്ങേരുടെ രണ്ടാം കല്യാണം. സ്വാഭാവികമായും ഉയരേണ്ട സംശയങ്ങള്‍ നാട്ടകാര്‍ക്കിടയിലോ പോലീസിന്റെ ഇടയിലോ സിനിമയുടെ കഥ എഴുതുന്നവര്‍ക്കിടയിലോ ഉയരുന്നില്ലാ എന്നത് അല്‍പ്പം അസ്വഭാവികമായി തോന്നും.

എന്നാല്‍ അവിടൊരു പോലീസ്‌കാരന് എന്തോ കുഴപ്പം മണക്കുന്നു. അയാള്‍ ലൂക്ക് ആരാണെന്ന് ഒരു അനൗദ്യോഗിക അന്വേഷണത്തിന് ഇറങ്ങുകയാണ്. ആരാണ് അയാള്‍? എന്തിന് ഈ നാട്ടിന്‍ പുറത്ത് വന്ന് പുതിയ കല്യാണം കഴിച്ചു താമസിക്കണം? എന്താണ് അയാളുടെ ശരിക്കുമുള്ള ഉദ്ദേശം? അതിനുമപ്പുറം അയാളുമായി ബന്ധപ്പെട്ട് നഷ്ടപ്പെടുന്ന പണം എവിടെ? ജഗദീഷിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് പോലീസുകാരന്റെ വേഷത്തില്‍ നമ്മള്‍ കാണുന്നത്.
ബിന്ദു പണിക്കരുടെ ഒരു സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് ആയിരുന്നു, പ്രത്യേകിച്ച് ജഗദീശുമൊത്തുള്ളതും, മമ്മൂക്കയുമൊത്തുള്ളതും ആയ ക്ലൈമാക്സിലെ സീനുകള്‍. അവരുടെ വില്ലത്തരങ്ങള്‍ അവസാന ഭാഗങ്ങളില്‍ കുറേ കൂടി എലവേറ്റ് ചെയ്യണമായിരുന്നു എന്നും തോന്നി.

ഗ്രേസ് ആന്റണി പുതിയ തലമുറയുടെ ഉര്‍വശി എന്ന പേര് നേടിയതിന് ശേഷം എല്ലാ സിനിമയിലും നാഗവല്ലിയുടെ ‘വിടമാട്ടെ…. അയോഗ്യ പയലേ…’ എന്ന ഡയലോഗിന്റെ സമയത്തെ ശോഭനയുടെ മുഖഭാവം മുഖത്ത് അണിയുന്നുണ്ട്. സാധാരണ പോലെയൊക്കെ അഭിനയിച്ചാല്‍ പോരേ കുട്ടീ….? വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട സീനുകള്‍ വരുമ്പോള്‍ പോരെ അഭിനയം? എന്തായാലും ഗ്രേസ് തന്നെ അഭിമുഖത്തില്‍ പറഞ്ഞത് പോലെ ‘ ബോള്‍ഡ് ആയ, തന്റെ അഭിപ്രായം പറയാന്‍ മടി ഇല്ലാത്ത കഥാപാത്രം അമിത ആവേശം കൊണ്ടോ അമിത വികാര പ്രകടനം കൊണ്ടോ ഒക്കെ വിരസമാക്കി കളഞ്ഞു.
ഇതിനിടയില്‍ ഗ്രേസുമൊത്തുള്ള മമ്മൂക്കയുടെ ഒന്ന് രണ്ട് ശ്രിoഗാര രംഗങ്ങള്‍ സിനിമയില്‍ നന്നായി മുഴച്ചു വന്നിട്ടുണ്ട്. മമ്മൂക്കയ്ക്ക് തന്റെ പൌരുഷം കൊണ്ട് സ്ത്രീകളെ അടുപ്പിക്കാനാകും പക്ഷെ പ്രണയം കൊണ്ട്……….?! ഇന്ന് വരെയുള്ള സിനിമാ അനുഭവത്തില്‍ ശൃംഗാരം എന്ന ഭാവം അഭിനയിക്കുന്നതില്‍ മമ്മൂക്ക എപ്പോഴും അമ്പേ പരാജയമായിട്ടേയുള്ളൂ.

മമ്മൂക്ക നായികയെ പ്രേമം മൂത്ത് നോക്കുന്നത് ‘മുട്ടനാട് നോക്കുന്നത് പോലെ’ എന്ന് ഒരു പ്രശസ്ത സിനിമാ ആസ്വാദക പറഞ്ഞത് മണ്‍ മറഞ്ഞു പോകേണ്ട കാലമൊന്നും ആയിട്ടില്ല.
കോട്ടയം നസീര്‍, സഞ്ജു ശിവരാം, ഷറഫുദ്ധീന്‍ എന്നിവര്‍ നന്നായി. പിന്നെ മുഖം മുഴുവന്‍ ചാക്ക് മൂടി ഇടക്കിടെ വന്ന് പേടിപ്പിക്കുന്ന ആസിഫ് അലിയും.
BGM സിനിമയുടെ മൂഡുമായി നന്നായി ഇണങ്ങി പോയി. സിനിമയില്‍ മുഴുകാന്‍ അത് ഒത്തിരി സഹായിച്ചു. എന്നാല്‍ വാലും മുറിയും ഇല്ലാത്ത ആ ഇംഗ്ലീഷ് പാട്ട് സ്ഥാനത്തും ആസ്ഥാനത്തും തള്ളി കയറ്റിയത് അല്‍പ്പം അലോസരമുണ്ടാക്കി. സിനിമാട്ടോഗ്രാഫിയും ശ്രദ്ധിക്കപെടും. എന്നാല്‍ കഥയെ അത് വരെ പോയ ഗതിയില്‍ നിന്നും അവസാനഭാഗം ആകുമ്പോഴേക്കും മറ്റൊരു ലെവലിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത് സിനിമ കഴിയുമ്പോള്‍ ഉണ്ടാക്കേണ്ട ആ ഒരു തരിപ്പ് നഷ്ടപ്പെടുത്തി കളഞ്ഞു. സിനിമ കഴിഞ്ഞും കുറേ നേരം കാണികളെ ആവേശത്തില്‍ നിര്‍ത്തേണ്ട ആ വൗ ഫാക്ടര്‍ ക്ളൈമാക്‌സില്‍ കിട്ടിയില്ല.
മമ്മൂക്കയുടെ ആക്ഷന്‍ സീനുകള്‍ ഒരുക്കിയിരിക്കുന്നത് അതി ഗംഭീരമായാണ്. ഭീഷ്മയേക്കാള്‍ ഒത്തിരി മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ആയിരുന്നു.
ഈ കഥ മുഴുവന്‍ ഇതേ ഫോര്‍മാറ്റില്‍ മമ്മൂക്കയെ പറഞ്ഞു മനസ്സിലാക്കിയ സംവിധായകനും എഴുത്ത് കാരനും അഭിനന്ദനങ്ങള്‍ നേരുന്നു.

വെട്ടുകിളിയുടെ അഭിപ്രായത്തില്‍ ആദ്യ മൂന്ന് വാചകങ്ങളില്‍ തന്നെ മമ്മൂക്ക വീണിട്ടുണ്ടാവും. സിനിമയുടെ ഇനിഷ്യല്‍ ഡിസ്‌കഷന്‍ വെട്ടുകിളിയുടെ ഭാവനയില്‍  : സംവിധായകന്‍ : ‘അതായത് മമ്മൂക്കയുടെ കഥാപാത്രത്തിന്റെ പേര് ലൂക്ക്. അയാള്‍ ദുബായില്‍ നിന്നും ഫോറിന്‍ കാര്‍ ഓടിച്ചു നാട്ടില്‍ എത്തിയ ആള്‍ ആണ്. എപ്പോഴും കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും ധരിക്കും. മമ്മൂക്ക : അത് മതി ഫിക്‌സിഡ്. കൂളിംഗ് ഗ്ലാസും, കോട്ടും ഷൂസും ഞാന്‍ കൊണ്ട് വരാം. നമുക്ക് ഇനി ഒരു ഫോറിന്‍ കാര്‍ എവിടെ കിട്ടും എന്നതിനെ പറ്റി ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.