ആസിഡ് അറ്റാക്കും റേപ്പും ഒക്കെ അല്ലേ സൈക്കോകള്‍ ചെയ്യുന്നത്? ഞാന്‍ അങ്ങനെ എന്തേലും ചെയ്തിട്ടുണ്ടോ; നിത്യാ മേനോനെതിരെ സന്തോഷ് വര്‍ക്കി

‘ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രമായ ‘ആറാട്ട്’ കണ്ട ശേഷം സന്തോഷ് വര്‍ക്കി നടത്തിയ അഭിപ്രായ പ്രകടനമാണ് അദ്ദേഹത്തെ താരമാക്കിയത്. ഈ ഡയലോഗ് സോഷ്യല്‍…

‘ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ചിത്രമായ ‘ആറാട്ട്’ കണ്ട ശേഷം സന്തോഷ് വര്‍ക്കി നടത്തിയ അഭിപ്രായ പ്രകടനമാണ് അദ്ദേഹത്തെ താരമാക്കിയത്. ഈ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ സന്തോഷ് വര്‍ക്കി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നടി നിത്യാ മേനോനുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ്. സമീപകാലത്തെ അഭിമുഖങ്ങളില്‍ എല്ലാം തന്നെ മോഹന്‍ലാലിനോടുള്ള ഇഷ്ടത്തിനൊപ്പം നടി നിത്യാ മേനോനോടുള്ള പ്രണയത്തെക്കുറിച്ചും നിത്യയെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇത് നിത്യയോടും കുടുംബത്തോടും നേരിട്ടുതന്നെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ പ്രണയം നിത്യ മേനോന്‍ അവഗണിച്ചുമെന്നുമാണ് സന്തോഷ് പറഞ്ഞത്.

ഇതിനിടെ സന്തോഷ് വര്‍ക്കിയെക്കുറിച്ചുളള നിത്യ മേനോന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സന്തോഷ് വര്‍ക്കി ഒരു ശല്യമായിരുന്നുവെന്നും അയാളുടെ മുപ്പതോളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നുമാണ് നിത്യ പറഞ്ഞത്. ഇപ്പോള്‍ നിത്യയുടെ ഈ പ്രതികരണത്തെ രൂക്ഷമായി എതിര്‍ത്ത് കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നിത്യ ആദ്യം തന്നെ ‘നോ’ പറഞ്ഞെങ്കില്‍ ഇത്രയും വര്‍ഷം പിറകെ നടക്കില്ലായിരുന്നു എന്നായിരുന്നു സന്തോഷിന്റെ വാക്കുകള്‍. ‘ഇനി അവരോട് പ്രണയവുമില്ല ഒന്നുമില്ല’ എന്നും സന്തോഷ് പറഞ്ഞു.

‘എനിക്ക് അവരോട് ആത്മാര്‍ത്ഥ പ്രണയമായിരുന്നു. കാഞ്ചന മാലയിലെ കാഞ്ചനയുടെ മെയില്‍ വേര്‍ഷനാണ് ഞാന്‍. അവര്‍ എന്നെക്കുറിച്ച് പറഞ്ഞ വീഡിയോ കണ്ടപ്പോള്‍ തകര്‍ന്നുപോയി. ഞാന്‍ സൈക്കോ ആണെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. സൈക്കോ ആയിട്ടുള്ളവര്‍ ഇങ്ങനെയാണോ ചെയ്യുന്നത്? ‘ഉയരെ’ എന്ന സിനിമയില്‍ കാണിക്കുന്നത് പോലെ ആസിഡ് അറ്റാക്കും പിന്നെ റേപ്പും ഒക്കെ അല്ലേ സൈക്കോ ആളുകള്‍ ചെയ്യുന്നത്. ഞാന്‍ അങ്ങനെ എന്തേലും ചെയ്തിട്ടുണ്ടോ?’ സന്തോഷ് വര്‍ക്കി ചോദിച്ചു.

തനിക്ക് 30 ഓളം സിം ഉണ്ടെന്ന് നിത്യ മേനോന്‍ പറഞ്ഞെന്നും ആകെ രണ്ട് തവണയാണ് അവരോട് സംസാരിച്ചിട്ടുള്ളതെന്നും ഒരാള്‍ക്ക് എങ്ങനെയാണ് നമ്മുടെ നാട്ടില്‍ മുപ്പത് സിം എടുക്കാന്‍ കഴിയുന്നത് എന്നും സന്തോഷ് വര്‍ക്കി ചോദിക്കുന്നു. ‘അവരെ സ്‌നേഹിച്ചത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ എനിക്ക് സഹിക്കേണ്ടി വന്നു. നിത്യയെ കാണാന്‍ ബാംഗ്ലൂര്‍ വരെ പോയിട്ടുണ്ട്. പക്ഷെ അന്ന് കാണാന്‍ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാര്‍ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടര്‍ന്ന് ബാംഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളില്‍ അവിടുന്ന് വിടണമെന്ന് പറഞ്ഞു’ എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍.

‘എന്റെ എണ്‍പത് വയസ്സായ പിതാവിനെ നിത്യ മേനന്റെ മാതാവ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. നാല് മാസം മുമ്പ് അച്ഛന്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവരോടുള്ള ഇഷ്ടം ഒക്കെ മാറ്റിവെച്ച് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. ഇപ്പോള്‍ ഈ വിഷയം എടുത്തിട്ട് എന്നെ നാണംകെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെയാണ് എല്ലാവരും സംസാരിക്കുന്നത്. അവരോട് ഇനി പ്രണയം ഇല്ല. അമ്മക്ക് വേണ്ടിയാണ് ഇനി ജീവിക്കുന്നത്’. സന്തോഷ് വര്‍ക്കി പറഞ്ഞു. തന്റേത് ആത്മാര്‍ത്ഥമായ സ്‌നേഹമായിരുന്നുവെന്നും തന്നെ ഒരു സുഹൃത്തായോ സഹോദരനായോ കാണാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും ‘എന്നെപ്പോലൊരു ആളെ അവര്‍ക്ക് കിട്ടാന്‍ യോഗമില്ലെന്ന് മുമ്പൊരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നു’ എന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.