‘ബിന്ദു ചേച്ചി, മലയാളികളുടെ തലയടിച്ച് പൊട്ടിക്കുന്ന പരിപാടിയാണ് ചെയ്തു വെച്ചേക്കുന്നെ’ ഷറഫുദ്ദീന്‍

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകര്‍ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനവും. ബിന്ദു പണിക്കര്‍ എന്ന അഭിനേത്രിയുടെ…

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടിയുടേത് പോലെ തന്നെ പ്രേക്ഷകര്‍ ഒരേപോലെ എടുത്തു പറയുന്നതാണ് ചിത്രത്തിലെ ബിന്ദു പണിക്കരുടെ പ്രകടനവും. ബിന്ദു പണിക്കര്‍ എന്ന അഭിനേത്രിയുടെ വ്യത്യസ്തമാര്‍ന്ന പ്രകടനം കാണാമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടു ശീലിച്ച നടിയുടെ പുതുമയാര്‍ന്ന പ്രകടനം കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പല പ്രേക്ഷകരും. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അഭിനയിച്ച ഷറഫുദ്ദീനും ബിന്ദു പണിക്കരുടെ അഭിനയത്തെ കുറിച്ചാണ് പറയാനുള്ളത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘ബിന്ദു ചേച്ചി, ലോങ് ഗ്യാപിന് ശേഷം വന്നിട്ട് മലയാളികളുടെ തലയടിച്ച് പൊട്ടിക്കുന്ന പരിപാടിയാണ് ചെയ്തു വെച്ചേക്കുന്നെ’ എന്നാണ് ഷറഫു പറയുന്നത്. അതേസമയം ആ ക്യാരക്ടര്‍ ചെയ്യാന്‍ തനിക്ക് കൊതി വന്നു പോയെന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ‘ബിന്ദു പണിക്കരുടെ ഇങ്ങനെ ഒരു കഥാപാത്രം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്..! സത്യത്തില്‍ ഞെട്ടിച്ചു’, ‘പെര്‍ഫോമന്‍സ് എല്ലാവരും കിടു ആയിരുന്നു, ഞെട്ടിച്ചത് ബിന്ദു പണിക്കര്‍ ആണ്’, എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ‘ജോക്കര്‍’, ‘സൂത്രധാരന്‍’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നടിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് റോഷാക്കിലേത് എന്നും പലരും അഭിപ്രായപ്പെടുന്നു.

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.