സുന്ദരിയല്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു!! ഇപ്പോള്‍ എന്തു പറഞ്ഞാലും പ്രശ്മില്ല ശോഭിത ധൂലിപാല

Published by
Anu B

ബോളിവുഡിലെയും തെന്നിന്ത്യയിലെയും ശ്രദ്ധേയയായ നായികയാണ് ശോഭിത ധൂലിപാല. മലയാളത്തിലും ഏറെ ആരാധകരുള്ള നടിയാണ്. ദുല്‍ഖറിന്റെ നായികയായി കുറുപ്പില്‍ ശോഭിത ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, നായികയായി തിളങ്ങുന്നതിന് മുമ്പ് ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമയില്‍ താരമാകുന്നതിന് മുമ്പുള്ള ജീവിതത്തില്‍ വര്‍ണ്ണവിവേചനം നേരിട്ടിട്ടുണ്ടെന്ന് താരം പറയുന്നു.

പരസ്യ ചിത്രങ്ങളുടെ ഓഡിഷനുകളില്‍ പങ്കെടുത്തപ്പോള്‍ താന്‍ സുന്ദരിയല്ലെന്ന് തുടക്കകാലത്ത് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. പക്ഷേ അതിലൊന്നും താന്‍ തളര്‍ന്നിട്ടില്ലെന്നും നടി പറയുന്നു.

‘ഞാന്‍ സിനിമാ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നും വന്ന ആളല്ല. നിരവധി ഓഡിഷനുകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്, അവിടെ നിന്നും നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്.

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ പരസ്യ മേഖലകളില്‍ നിറത്തിനെക്കുറിച്ച് സംസാരിച്ചത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പരസ്യത്തിനു ചേരുന്ന തരത്തിലുള്ള സുന്ദരിയായിരുന്നില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്’ ശോഭിത പറയുന്നു.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആളുകളുടെ ചിന്താഗതി വളരെ ഇടുങ്ങിയതാണ്. ഇപ്പോള്‍ എന്റെ രൂപത്തിനെ കുറിച്ച് ആര് എന്ത് വിചാരിച്ചാലും കൂടുതല്‍ സര്‍ഗാത്മകമാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും താരം പറയുന്നു.

സിനിമയില്‍ എങ്ങനെ ക്രിയേറ്റീവാകാം എന്നാണ് താന്‍ ചിന്തിക്കുന്നത്. അതിന് വേണ്ടി എല്ലാ ദിവസവും പ്രയത്നിച്ചു. കാരണം അത്രത്തോളം തന്റെ സ്വപ്‌നമായിരുന്നു സിനിമ.

മികച്ച ഒരു സംവിധായകന്‍ കണ്ടെത്തുന്നത് വരെ കാത്തിരിക്കാതെ ഓഡിഷനുകള്‍ നിരന്തരം പങ്കെടുത്ത് അവിടെ നമ്മുടെ നൂറ് ശതമാനം നല്‍കുക എന്നാണ് സിനിമ സ്വപ്‌നം കാണുന്നവരോട് പറയാനുള്ളതെന്നും താരം പറയുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയയായ നടിയാണ് ശോഭിത. പൊന്നിയന്‍ സെല്‍വന്‍ 1ലും 2ലും ശോഭിത ഏറെ പ്രശംസ നേടിയിരുന്നു.