വിയറ്റ്‌നാം കോളനിയിലെ മോഹന്‍ലാലിന്റെ നായികയായി വന്ന സോണിയ ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്തിന്?

മിനിസ്‌ക്രീനിലെ വില്ലത്തി ആരാണെന്ന് ചോദിച്ചാല്‍ മലയാളി പ്രേക്ഷകര്‍ക്ക് മനസില്‍ ആദ്യം ഓടിയെത്തുന്ന മുഖമാണ് സോണിയ ജോസിന്റേത്. അത്രമാത്രം ഭംഗിയായാണ് തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ താരം സീരിയലുകളില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. കഥാപാത്രമാണെന്ന് മറന്ന് പലരും സോണിയയോട്…

മിനിസ്‌ക്രീനിലെ വില്ലത്തി ആരാണെന്ന് ചോദിച്ചാല്‍ മലയാളി പ്രേക്ഷകര്‍ക്ക് മനസില്‍ ആദ്യം ഓടിയെത്തുന്ന മുഖമാണ് സോണിയ ജോസിന്റേത്. അത്രമാത്രം ഭംഗിയായാണ് തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ താരം സീരിയലുകളില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. കഥാപാത്രമാണെന്ന് മറന്ന് പലരും സോണിയയോട് ദേഷ്യപ്പെടുന്നതു പോലും അതു കൊണ്ടാണ്.

ഏറെ ശ്രദ്ധിക്കപ്പെട്ട ഭാഗ്യജാതകം ‘കറുത്തമുത്ത്, പൂക്കാലം വരവായി, കുടുംബ വിളക്ക്, സീത പെണ്ണ് തുടങ്ങിയവയെല്ലാം സോണിയയുടെ പ്രധാന സീരിയലുകളാണ്. അതേസമയം മാനത്തെകൊട്ടാരം കമ്പോളം’ വംശം ‘കടല്‍’സുവര്‍ണ്ണ സിംഹാസനം, മന്ത്രി മാളികയില്‍ മനസ്സമ്മതം, വാര്‍ദ്ധക്യ പുരാണം, ഗൂഢാലോചന, തുമ്പോളി കടപ്പുറം, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ സിനിമകളും സോണിയ അഭിനയിച്ചിട്ടുള്ളവയാണ്.

ഇപ്പോഴിതാ നടിയുടെ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ താന്‍ കൈവിട്ട വലിയ ഒരു വേഷത്തെ കുറിച്ചാണ് സോണിയ മനസു തുറന്നത്.

സിദ്ധിഖ്‌ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിയറ്റ്‌നാം കോളനി’യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് സോണിയയെ ആയിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്കിടെ വീട്ടിലെ എതിര്‍പ്പ് കടുത്തപ്പോള്‍ ചിത്രത്തില്‍ നിന്ന് സോണിയ പിന്‍മാറുകയായിരുന്നു.

പിന്നീട് നായിക സ്ഥാനത്തേക്ക് വന്നത് കനകയാണ്. സിദ്ധിഖിന്റെ സാന്നിധ്യത്തില്‍ ടെലിവിഷന്‍ താരങ്ങളുടെ സംസ്ഥാന സമ്മേളനത്തില്‍ വെച്ചായിരുന്നു താരം ഇതു വെളിപ്പെടുത്തിയത്. ‘മലയാള മനോരമ ആഴ്ചപ്പതിപ്പി’ല്‍ വന്ന സോണിയയുടെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്‌നാം കോളനി’യിലേക്ക് നായികയായി വിളിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ലെന്നാണ് സോണിയ പറഞ്ഞത്.

നേരത്തെ സോണിയ ഇതു ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും താരം നുണ പറയുന്നു എന്ന തരത്തിലായിരുന്നു അതിന് ചിലരുടെ കമന്റുകള്‍. അതില്‍ ചിലത് താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇതോടെയാണ് സംവിധായകന്റെ മുന്‍പില്‍ വെച്ചു തന്നെ സത്യാവസ്ഥ നടി വെളിപ്പെടുത്തിയത്.

കോട്ടയം, മാങ്ങാനം സ്വദേശിയാണ് സോണിയ ജോസ്. ഡോക്യുമെന്ററികളിലൂടെയും ടെലിഫിലിമുകളിലൂടെയും അഭിനയ രംഗത്തെത്തിയ നടി വീട്ടിലെ എതിര്‍പ്പു കുറഞ്ഞതോടെയാണ് ‘കടല്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുന്നത്. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ച നടി 25ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.