ഉപദേശമെന്നു പറഞ്ഞാല്‍ ഈ ലോകത്ത് ഇതുവരെയും ഒരു സിനിമാപ്രവര്‍ത്തകനും കിട്ടിയിട്ടില്ലാത്ത അത്ര, എവറസ്റ്റിന്റെ ഹൈറ്റിലൊരു ഉപദേശം; വിമര്‍ശനങ്ങളെക്കുറിച്ച് സുരേഷ് കുമാര്‍ രവീന്ദ്രന്‍

സന്തോഷ് ശിവന്‍ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയാണ് ജാക്ക് ആന്റ് ജില്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ത്വരിത വളര്‍ച്ച ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സിനിമ. സമകാലിക സമൂഹത്തില്‍…

സന്തോഷ് ശിവന്‍ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമയാണ് ജാക്ക് ആന്റ് ജില്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ത്വരിത വളര്‍ച്ച ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സിനിമ. സമകാലിക സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സാധാരണക്കാരിലേക്ക് എത്തിക്കാനും സിനിമയില്‍ സന്തോഷ് ശിവന്‍ ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ സിനിമയ്ക്കെതിരേയുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രന്‍. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ ചില ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത മാനസികാവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. സന്തോഷ് ശിവന്‍ എന്ന മഹാമേരുവിന്റെയൊപ്പം സിനിമയില്‍ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതിലും, 45 ദിവസങ്ങള്‍ അദ്ദേഹത്തിന്റെ ഒപ്പം കൂടാന്‍ കഴിഞ്ഞതിലും, ലക്ഷങ്ങള്‍ കൊടുത്താല്‍ പോലും പഠിക്കാന്‍ കഴിയാത്ത അത്രയും സിനിമാ അറിവ് ആ ലെജന്റില്‍ നിന്നും കിട്ടിയതിലും താന്‍ ഭാഗ്യവാനാണെന്ന് പറയുന്ന അദ്ദേഹം തനിക്ക് കിട്ടിയ ചില ഉപദേശങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജാക്ക് ആന്റ് ജില്‍’ എന്ന സിനിമയെ കുറിച്ചുള്ള വിമര്‍ശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. എന്നാല്‍ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, അത്തരം കാര്യങ്ങളെ ഇതുവരെയും കാണാന്‍ ശ്രമിച്ചിട്ടുള്ളത്. ‘ഈ കഴിഞ്ഞ ദിവസം ഒരു ഉപദേശം കിട്ടി, സംതിങ് വെരി വെരി സ്‌പെഷ്യല്‍! ഉപദേശമെന്നു പറഞ്ഞാല്‍ ഈ ലോകത്ത് ഇതുവരെയും ഒരു സിനിമാപ്രവര്‍ത്തകനും കിട്ടിയിട്ടില്ലാത്ത അത്ര, എവറസ്റ്റിന്റെ ഹൈറ്റിലൊരു ഉപദേശം! അത് കേട്ടപ്പോള്‍ ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ എന്നറിയാത്ത മാനസികാവസ്ഥയായിരുന്നു! സത്യം,100%! എന്തായാലും അതിനു ഞാന്‍ സര്‍ക്കാസം നിറഞ്ഞ രീതിയില്‍ മറുപടി കൊടുത്തപ്പോള്‍ ആശാന്‍ അപ്പൊ തന്നെ പിണങ്ങി, അണ്‍ഫ്രെണ്ട് ചെയ്തിട്ട്, ‘സ്ഥലത്തെ പ്രധാന പയ്യന്‍സ്’ലെ ജഗദീഷിനെ പോലെ സ്ലോമോഷനില്‍ ഒരു പോക്കായിരുന്നു. അദ്ദേഹം പറയുന്നു.

‘സംഭാഷണമായാലും എന്തായാലും ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ സുഹൃത്തേ… നിങ്ങളില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു’. എന്നാണ് ആ സുഹൃത്ത് പറഞ്ഞതെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കി. പിന്നെ, ‘എന്നില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു’ എന്ന് ആശാന്‍ പറഞ്ഞതിന് വേറൊരു അര്‍ത്ഥമുണ്ടായിരുന്നു. ഉപദേശി അഭിനയിച്ച ഒരു ഷോര്‍ട്ട് ഫിലിമിനെ (കണ്ടാലും ഇല്ലെങ്കിലും… കണ്ടാല്‍ തന്നെ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും) കുറിച്ച്, ഒരു നൂറു പേജ് ബുക്ക് വാങ്ങി അതില്‍ മാര്‍ജിനൊക്കെ ഇട്ട്, വളരെ വളരെ വിശദമായിട്ട്, ‘നന്മ’ മാത്രം പറയുന്ന റിവ്യൂ നടത്താന്‍ ആവശ്യപ്പെട്ടിട്ട് ഞാനത് ചെയ്യാത്തതിലുള്ള കടുത്ത നിരാശയിലൂടെയാണ് എന്നിലുള്ള പ്രതീക്ഷയറ്റു പോയത്. ആറ്റുകാലമ്മച്ചിയാണേ സത്യം. എന്നും തമാശയായി അദ്ദേഹം പറയുന്നത്.