അമ്മയേയും മോഹന്‍ലാലിനെയും ആക്ഷേപിച്ചെന്ന രീതിയില്‍ വ്യാജ വാര്‍ത്ത: പോലീസില്‍ പരാതി നല്‍കി ശ്വേതാ മേനോന്‍

അമ്മയുടെ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്ലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നടി ശ്വേതാ മേനോന്‍ രാജി വച്ചത്. താന്‍ എന്തുകൊണ്ട് രാജിവെച്ചു എന്ന് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ശ്വേതാ മേനോന്‍ പറഞ്ഞു എന്ന രീതിയില്‍…

അമ്മയുടെ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്ലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നടി ശ്വേതാ മേനോന്‍ രാജി വച്ചത്. താന്‍ എന്തുകൊണ്ട് രാജിവെച്ചു എന്ന് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ശ്വേതാ മേനോന്‍ പറഞ്ഞു എന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ശ്വേതാ മേനോന്‍. താരം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വ്യാജ വാര്‍ത്ത കൊടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സന്തോഷം എനിക്ക് ഇല്ലാത്തതിനാല്‍ ഞാന്‍ ഒരു പരാതി സൈബര്‍ സെല്ലില്‍ കൊടുത്തിരുന്നു എന്ന മുഖവുരയോടെയാണ് ശ്വേത പരാതിയുടെ വിശദാംശങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

വ്യാജ വാര്‍ത്തകള്‍ തന്നെ കുറിച്ച് മാത്രമായിരുന്നു എങ്കില്‍ താന്‍ അത് കാര്യമാക്കില്ലായിരുന്നു എന്ന് താരം പറയുന്നു. എന്നാല്‍ അമ്മയെ പറ്റിയും ലാലേട്ടനെയും മറ്റ് അംഗങ്ങള്‍ക്ക് എതിരെയും എല്ലാം അവരെ താന്‍ അധിക്ഷേപിച്ചു എന്ന രീതിയിലാണ് ചില ഓണ്‍ലൈന്‍ മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് എന്ന് താരം ചൂണ്ടിക്കാണിക്കുന്നു. തന്റെ പരാതിയില്‍ നടപടി സ്വീകരിച്ച പോലീസിനും തന്നെ പിന്തുണച്ച മുന്‍നിര മാധ്യമങ്ങള്‍ക്കും ശ്വേത നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് നടി ശ്വേത ഐ. സി. സിയില്‍ നിന്നും രാജി വച്ചത്. നടന്‍ വിജയ് ബാബുവിന് എതിരായ യുവ നടിയുടെ പരാതിയില്‍ സെല്ലിന്റെ തീരുമാനത്തിന് അമ്മ പ്രാധാന്യം നല്‍കിയില്ലാ എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സെല്ലില്‍ നിന്നും രാജിവയ്ക്കുന്നതായി നടി മാല പാര്‍വ്വതി വ്യക്തമാക്കി. മാല പാര്‍വ്വതിക്ക് പിന്നാലെയാണ് ശ്വേതയും കുക്കു പരമേശ്വരും സെല്ലില്‍ നിന്നും രാജി വച്ചത്.

നിലവില്‍ സെല്‍ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ആളാണ് ശ്വേതാ മേനോന്‍. നടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിന് എതിരെ സംഘടന കാര്യമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
ആരുടെയെങ്കിലും പരാതിയില്‍ ഒരാളെ സംഘടനയില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ കഴിയില്ലെന്ന മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവനയ്ക്ക് എതിരെ അമ്മ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നതിന് ഇടെയാണ് നിലപാട് വ്യക്തമാക്കി ശ്വേതാ മേനോനും കുക്കു പരമേശ്വരും മുമ്പോട്ട് വന്നത്.