അരുള്‍ ശരവണനെ പ്രേക്ഷകര്‍ സ്വീകരിച്ചോ! ‘ലെജന്‍ഡി’ന് സംഭവിക്കുന്നതെന്ത്?

സിനിമാ രംഗത്ത് ഏറെ കൗതുകമുണര്‍ത്തിയ അരങ്ങേറ്റമായിരുന്നു അരുള്‍ ശരവണന്റേത്. തമിഴ്‌നാട്ടിലെ ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വന്തമായി…

സിനിമാ രംഗത്ത് ഏറെ കൗതുകമുണര്‍ത്തിയ അരങ്ങേറ്റമായിരുന്നു അരുള്‍ ശരവണന്റേത്. തമിഴ്‌നാട്ടിലെ ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വന്തമായി സിനിമ നിര്‍മ്മിച്ച് നായകനായി അഭിനയിക്കാന്‍ തീരുമാനിച്ചത്. ലോകമെമ്പാടും 2500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്. 45 കോടി മുതല്‍ മുടക്കിലാണ് നടനായുള്ള തന്റെ അരങ്ങേറ്റം അരുള്‍ ശരവണന്‍ ആഘോഷമാക്കിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ദ് ലെജന്‍ഡ് എന്ന ചിത്രത്തിന്റെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ലെജന്‍ഡ് ആദ്യ നാലുദിനങ്ങളില്‍ നേടിയത് ആകെ നേടിയത് 6 കോടി രൂപയാണ്. റിലീസ് ദിനത്തില്‍ രണ്ട് കോടി ഗ്രോസ് ആണ് ഈ ചിത്രം നേടിയത്. 65 കോടിയെങ്കിലും നേടിയാല്‍ മാത്രമാണ് ചിത്രം വിജയിച്ചു എന്ന് പറയാനാവുക. നിലവിലെ സ്ഥിതിയനുസരിച്ച് അതിന് സാധ്യതയില്ലെന്ന് മാത്രമല്ല ചിത്രം വലിയ പരാജയമാണ് നേരിടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വന്‍ പ്രമോഷനുമായി എത്തിയ ചിത്രമാണ് ‘ദ് ലെജന്‍ഡ്’ എന്ന ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ടിപ്പിക്കല്‍ തമിഴ് പടങ്ങളുടെ എല്ലാ ചേരുവകളും ഉള്‍കൊള്ളിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. ജെ ഡി ജെറി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്നതാണ്. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.