‘നല്ല സിനിമ ചെയ്തു എന്നു പറയുന്ന സംവിധായകരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണ്? അവാര്‍ഡ് പുഴുങ്ങിയാല്‍ ചോറാവില്ല’; ഒമര്‍ ലുലു

സിനിമയെ ഗൗരവമായി കാണുന്നതിനു പകരം അതിലൂടെ പണമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മികച്ച സിനിമകള്‍ ചെയ്ത സംവിധായകരുടെ കുടുംബത്തിന്റെ മോശം അവസ്ഥയില്‍ അവരെ പുകഴ്ത്തുന്നവരാരും സഹായിക്കാറില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. പുതിയ…

സിനിമയെ ഗൗരവമായി കാണുന്നതിനു പകരം അതിലൂടെ പണമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. മികച്ച സിനിമകള്‍ ചെയ്ത സംവിധായകരുടെ കുടുംബത്തിന്റെ മോശം അവസ്ഥയില്‍ അവരെ പുകഴ്ത്തുന്നവരാരും സഹായിക്കാറില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. പുതിയ ചിത്രം പവര്‍ സ്റ്റാറിന്റെ പ്രൊമോഷന്‍ തിരക്കുകള്‍ക്കിടെയാണ് ഒമര്‍ ലുലു സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

‘നല്ല സിനിമ ചെയ്ത ഒരുപാട് ഡയരക്ടര്‍മാരുണ്ട്. ലോഹിതാദാസ് സാറുണ്ട്, പദ്മരാജന്‍ സാറുണ്ട്. അങ്ങനെ ഒരുപാട് വലിയ സംവിധായകരുണ്ട്. ഇവരുടെയൊക്കെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? നല്ല സിനിമ ചെയ്തു എന്ന് പറഞ്ഞ് അവരുടെ കുടുംബത്തിന്റെ അവസ്ഥ ആരെങ്കിലും അന്വേഷിക്കാന്‍ പോയിട്ടുണ്ടോ. ലോഹിതാദാസിന്റെ ഭാര്യ വീട് പ്രശ്‌നത്തിലാണെന്ന് പറയുന്ന വാര്‍ത്ത കണ്ടിരുന്നു. നല്ല സിനിമ തന്നവരാണ് എന്ന് പറഞ്ഞിട്ട് ഏതെങ്കിലും മലയാളി പോയിട്ട് സഹായിക്കുന്നുണ്ടോ. അതിലൊന്നും കാര്യമില്ല. അവാര്‍ഡ് പുഴുങ്ങിയാല്‍ ചോറാവില്ല.’ എന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്.

സിനിമയില്‍ വരണമെന്ന് ആഗ്രഹമുള്ളവര്‍ പണമുണ്ടാക്കാന്‍ ആദ്യം മറ്റൊരു പ്രൊഫഷന്‍ കണ്ടെത്തുന്നതാണ് ഉചിതമെന്നും ഇന്ന് സിനിമയിലെ മുന്‍ നിരയിലുള്ള യുവതാരങ്ങളില്‍ മിക്കവരും സാമ്പത്തികമായ ഉയര്‍ന്ന നിലയിലുള്ളവരാണെന്നും ഒമര്‍ പറയുന്നു. ‘പൈസയുണ്ടാക്കാന്‍ വേറൊരു പ്രൊഫഷന്‍ കണ്ടെത്തണം. എന്നിട്ട് സിനിമയില്‍ ശ്രമിക്കുക. കാരണം സിനിമയ്ക്ക് വേണ്ടി മാത്രം നടന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ എവിടെയും എത്തണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ വീട്ടുകാരുടെ അടുത്ത് അത്രയും സാമ്പത്തികം വേണം’ എന്നാണ് ഒമല്‍ ലുലു പറഞ്ഞത്.

‘ടൊവിനോ ഞാന്‍ കേട്ടിടത്തോളം അത്യാവശ്യം നല്ലാെരു ഫാമിലിയില്‍ നിന്നാണ്. അവന്റെ അപ്പന്‍ ലീഡിംഗ് അഡ്വക്കേറ്റ് ആണ്. അപ്പോള്‍ അതിനുള്ള ഗ്യാപ്പ് കിട്ടും. നിവിനാണെങ്കിലും അത്യാവശ്യം ബാക്ക് അപ്പുള്ള വീട്ടില്‍ നിന്നാണ്. ആസിഫലിയും. നമ്മള്‍ ശരിക്ക് ഇതെല്ലാം പഠിക്കണം. പഠിച്ച് കഴിഞ്ഞാല്‍ ഒരുവിധം എല്ലാവരും നല്ല വീട്ടില്‍ നിന്നുള്ള പിള്ളേരാണ്. നല്ല വീട്ടില്‍ നിന്നെന്നു വെച്ചാല്‍ സാമ്പത്തികമായിട്ട് നല്ല നിലയിലുള്ളവര്‍.’ എന്നും ഒമര്‍ ലുലു പറഞ്ഞു. ഹിറ്റായ ആളുകളെ മാത്രമാണ് നമ്മള്‍ കാണുന്നതെന്നും പരാജയപ്പെട്ട ഒരുപാട് പേരുണ്ടെന്നും ‘എന്റെ ആദ്യത്തെ സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ താനും ഒരു പരാജയമായേനെ, അതൊരു ലക്കാണ്’ എന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം. ബാബു ആന്റണി പ്രധാന കഥാപാത്രമായെത്തുന്ന സിനിമ ക്രിസ്തുമസിനോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണിയെ പഴയ ആക്ഷന്‍ താരമായി കാണാനാവുമെന്നാണ് സിനിമയുടെ ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷ.