നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് ഇടയിലും ചിത്രം ഹിറ്റ് തന്നെ: ബീസ്റ്റ് ടീമിന് വിരുന്നൊരുക്കി വിജയ്

ആരോപണങ്ങളും ദുഷ് പ്രചരണങ്ങളെയും മറികടന്ന് വിജയ് ചിത്രം ബീസ്റ്റ് അതിന്റെ തേരോട്ടം തുടരുകയാണ്. ചിത്രം പരാജയമാകുമെന്ന് ആവര്‍ത്തിച്ചവര്‍ക്ക് മുമ്പില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് ബീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ വമ്പന്‍ കളക്ഷനുമായി മുന്നേറുന്ന ചിത്രത്തിന്റെ…

ആരോപണങ്ങളും ദുഷ് പ്രചരണങ്ങളെയും മറികടന്ന് വിജയ് ചിത്രം ബീസ്റ്റ് അതിന്റെ തേരോട്ടം തുടരുകയാണ്. ചിത്രം പരാജയമാകുമെന്ന് ആവര്‍ത്തിച്ചവര്‍ക്ക് മുമ്പില്‍ ചിത്രത്തിന്റെ വിജയം ആഘോഷമാക്കുകയാണ് ബീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ വമ്പന്‍ കളക്ഷനുമായി മുന്നേറുന്ന ചിത്രത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ക്കായി വിരുന്ന് ഒരുക്കിയിരിക്കുകയാണ് വിജയ്. ദളപതിയും സഹപ്രവര്‍ത്തകരും അടങ്ങുന്ന വിരുന്നിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

‘മറക്കാനാവാത്ത വൈകുന്നേരമായിരുന്നു, വിജയിയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ബീസ്റ്റ് പോലൊരു ചിത്രം ചെയ്യാന്‍ അവസരം നല്‍കിയ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും ഉടമകളായ കലാനിധി മാരനും കാവ്യ മാരനും, ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ച സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ഏറ്റവുമൊടുവിലായി സ്‌നേഹവും പിന്തുണയും നല്‍കിയ പ്രേക്ഷകര്‍ക്കും വലിയ നന്ദി…’ – എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡോക്ടര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയെ നായകനാക്കി നെല്‍സണ്‍ ബീസ്റ്റ് ഒരുക്കാന്‍ തീരുമാനിച്ചത് മുതല്‍ ആരാധകര്‍ കട്ട വെയ്റ്റിങ്ങില്‍ ആയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റിലീസിന് മുമ്പ് പുറത്തുവന്ന ഓരോ വാര്‍ത്തകളും വലിയ ചര്‍ച്ചയായി. വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ചിത്രം പ്രതീക്ഷകള്‍ക്ക് വിപരീതമായ പ്രേക്ഷക പ്രതികരണമാണ് നേടിയതെന്ന് ആരാധകരും മാധ്യമങ്ങളും കുറ്റപ്പെടുത്തി.

വിജയുടെ കരിയറിലെ സമീപകാലത്തെ ഏറ്റവും വലിയ ഫ്‌ളോപ്പായി ബീസ്റ്റ് മുദ്രകുത്തപ്പെട്ടു. ചിത്രത്തെ പച്ചയ്ക്ക് വിമര്‍ശിച്ച് വിജയുടെ അച്ഛന്‍ പോലും നേരിട്ട് രംഗത്തെത്തിയത് അണിയറ പ്രവര്‍ത്തര്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു. ബീസ്റ്റിന്റെ മോശം സംവിധാനം പരിഗണിച്ച് തന്റെ അടുത്ത ചിത്രത്തില്‍നിന്നും രജനീകാന്ത് നെല്‍സണെ നീക്കാന്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇവയെ എല്ലാം മറികടക്കുന്നതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തല അജിത്തിന്റെ വലിമൈ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് റിലീസിന് തൊട്ടുപിന്നാലെ ഭേതിച്ച ബീസ്റ്റ്, കെ.ജി.എഫ് ചാപ്റ്റര്‍ 2ന് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിന്നു. ചിത്രം സാമ്പത്തികമായി വലിയ നേട്ടം കൊയ്യുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്പോള്‍ കെ.ജി.എഫിന് ഒപ്പം അല്ലാതെ ബീസ്റ്റ് റിലീസിന് എത്തിയിരുന്നെങ്കില്‍ വിജയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുന്ന ചിത്രമായി ഇത് മാറുമായിരുന്നു എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.